കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി. ഭാര്യ കെ.പി. രമണിയുമൊപ്പമുണ്ടായിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സന്ദർശനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ പ്രതിമയ്ക്കു മുന്നിൽ ടി.കെ. ഗോവിന്ദൻ പുഷ്പാർച്ചന നടത്തി. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടു ആദരവ് രേഖപ്പെടുത്തി. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച വിനോദിനി ബാലകൃഷ്ണൻ, വീട്ടിലെത്തുന്നവരെ 'വർഗവഞ്ചകർ' എന്നു വിളിക്കില്ലെന്നു വ്യക്തമാക്കി. 'കോടിയേരിയെ സ്‌നേഹിക്കുന്നവരാണ് വീട്ടിലേക്ക് വരുന്നത്. അങ്ങനെ വരുന്ന എല്ലാവരെയും സ്വീകരിക്കും. ഞാൻ ആർക്കും അടിമയല്ല. എനിക്ക് എന്റെ ശരികളും നിലപാടുകളും ഉണ്ട്. എന്റെ വീട്ടിൽ ആർക്കും വരാം. മറ്റുള്ളവർ പറയുന്നത് ഞാൻ ശ്രദ്ധിക്കാറില്ല,' എന്നും അവർ പറഞ്ഞു.
അതേസമയം, തുടർന്ന് കണ്ണൂർ ഡിസിസി ഓഫിസിലെത്തിയ ടി.കെ. ഗോവിന്ദൻ സിപിഎമ്മിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. പാർട്ടിയിൽ 'തെറ്റുതിരുത്തൽ' എന്ന പേരിൽ നടക്കുന്ന ചർച്ചകൾ വെറും ഔപചാരികത മാത്രമാണെന്നും യാഥാർത്ഥ്യത്തിൽ ആരും തെറ്റുകൾ തിരുത്താൻ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.
'സിപിഎമ്മിൽ തെറ്റുതിരുത്തൽ ചർച്ചകൾ നടക്കും. പക്ഷേ അത് വെറും അധര വ്യായാമം മാത്രമാണ്. ആരെങ്കിലും തെറ്റു തിരുത്തിയതായി അറിവില്ല. പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത് ജനങ്ങൾ വിശ്വസിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ തന്നെ പാർട്ടിക്കെതിരെ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചത് ജനങ്ങൾ പാർട്ടി പറയുന്നത് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ്,' എന്നും ഗോവിന്ദൻ പറഞ്ഞു.
തന്റെ വിജയത്തിന് യുഡിഎഫ് പ്രവർത്തകരുടെ ശക്തമായ പിന്തുണയാണ് കാരണമായതെന്നും, സിപിഎമ്മിനകത്ത് നിലനിൽക്കുന്ന കുടുംബാധിപത്യത്തോടും അഴിമതിയോടും ഉള്ള ശക്തമായ പ്രതികരണമാണ് തളിപ്പറമ്പിലെ ജനവിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും, തിരഞ്ഞെടുപ്പ് ഫലം പാർട്ടിയെ പാഠം പഠിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താലും ഞങ്ങൾ പിന്തുണയ്ക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫിസിലെത്തിയത്.
സംഭവങ്ങൾ സിപിഎമ്മിനകത്തും പാർട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂർ ജില്ലയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി.കെ. ഗോവിന്ദൻ; സിപിഎമ്മിനെതിരെ വീണ്ടും വിമർശനം
