നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് സിപിഎമ്മും വിപുല സർവേയ്ക്ക് പിണറായി വിജയന്റെ നേരിട്ടുള്ളമേൽനോട്ടം

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിന് സിപിഎമ്മും വിപുല സർവേയ്ക്ക് പിണറായി വിജയന്റെ നേരിട്ടുള്ളമേൽനോട്ടം


തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസിന് പിന്നാലെ സിപിഎമ്മും വിപുലമായ സർവേ നടത്തുന്നു. സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനാണ് പാർട്ടിയുടെ തീരുമാനം. തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ ഏജൻസിയെയാണ് സർവേയ്ക്കായി സിപിഎം നിയോഗിച്ചിരിക്കുന്നത്. സർവേ നടപടികൾ ഇതിനകം ആരംഭിച്ചതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മണ്ഡലങ്ങളിലെ അനുയോജ്യ സ്ഥാനാർത്ഥികളെ കണ്ടെത്തുക, സിറ്റിങ് എംഎൽഎമാരുടെ വിജയസാധ്യത വിലയിരുത്തുക, നിലനിർത്താൻ സാധ്യത കുറവുള്ള സീറ്റുകളിൽ മാറ്റം വരുത്തുക എന്നിവയാണ് സർവേയുടെ പ്രധാന ലക്ഷ്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സർവേ പുരോഗമിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ സർവേ റിപ്പോർട്ട് നിർണായക പങ്കുവഹിക്കും.

സ്വകാര്യ ഏജൻസികളുടെ സർവേ ഫലങ്ങൾക്കൊപ്പം ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകളും മുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഇത്തവണ രണ്ട് തവണ മത്സരിക്കരുതെന്ന മാനദണ്ഡം ഒഴിവാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴികെ, ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരോടും വീണ്ടും മത്സരത്തിനായി സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ അന്തിമ തീരുമാനം സർവേ വിലയിരുത്തലുകളെ ആശ്രയിച്ചായിരിക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു നടത്തിയ സർവേകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുമ്പോൾ, ഇടതുപക്ഷം കൂടുതൽ പ്രായോഗിക സമീപനമാണ് സ്വീകരിക്കുന്നത്.

ജനാഭിപ്രായം മനസ്സിലാക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ് സർവേയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വ്യക്തമാക്കി. സർവേ ഫലങ്ങൾ മാത്രം ആശ്രയിച്ച് വിജയപരാജയങ്ങൾ പ്രവചിക്കാനാകില്ലെന്നും, വിവിധ ഘടകങ്ങൾ വിലയിരുത്തിയശേഷമാണ് അന്തിമ നിഗമനത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കാരണം എം.എം. മണി ഉൾപ്പെടെ ചില സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. എം. മുകേഷ്, യു. പ്രതിഭ തുടങ്ങിയവരുടെ കാര്യത്തിലും സമാന സൂചനകളുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ള മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് തുടങ്ങിയവരുടെ കാര്യത്തിൽ അനുയോജ്യരായ പകരക്കാരെ കണ്ടെത്താനായില്ലെങ്കിൽ അവരെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത.