സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ; കേരളത്തിലെ നേതാക്കൾക്ക് പാർലമെന്ററി സ്ഥാനമോഹമെന്ന് വിമർശനം

സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ; കേരളത്തിലെ നേതാക്കൾക്ക് പാർലമെന്ററി സ്ഥാനമോഹമെന്ന് വിമർശനം


ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖയ്ക്ക് പൊളിറ്റ് ബ്യൂറോ അംഗീകാരം നൽകി. കേരളത്തിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് പാർട്ടിയിൽ തിരുത്തലിനുള്ള രേഖ കേന്ദ്ര നേതൃത്വം തയ്യാറാക്കുന്നത്. പത്ത് വർഷത്തെ ഭരണം മുതിർന്ന നേതാക്കളിലടക്കം പാർലമെന്ററി വ്യാമോഹത്തിന് വഴി വച്ചെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. നേതൃമാറ്റം ചർച്ചയായില്ലെങ്കിലും സംസ്ഥാനത്തിന്റെ അവലോകനം അതേപടി അംഗീകരിക്കാതെയാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് രേഖ തയ്യാറാക്കിയത്. പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനായി തയ്യാറാക്കിയ രേഖ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും.

 പതിനഞ്ച് കൊല്ലത്തിന് ശേഷമാണ് ദേശീയ തലത്തിൽ വീണ്ടും തെറ്റുതിരുത്തൽ രേഖ തയ്യാറാക്കുന്നത്. പാർലമെന്ററി അധികാരത്തോടുള്ള വല്ലാത്ത ആഗ്രഹം പാർട്ടിക്കുള്ളിൽ കൂടുകയാണെന്നും ഇതിന് ഉദാഹരണമാണ് ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ മറ്റൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുടുംബാം​ഗങ്ങൾ മത്സരിച്ചതും അതിനായി നേതാക്കൾ നടത്തിയ നീക്കങ്ങളും സംബന്ധിച്ച വിഷയം കൂടി കണക്കിലെടുത്താണ് തെറ്റ് തിരുത്തലിലേക്ക് പോകുന്നത്. ഇക്കാര്യത്തിൽ കേരള ഘടകം നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിക്കാതെ, പിബിയിൽ ഉയർന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് രേഖയ്ക്ക് അന്തിമരൂപം നൽകിയത്. 

അടുത്ത കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന ഈ രേഖ പാർട്ടിയുടെ തിരുത്തൽ പ്രക്രിയയ്ക്ക് ആധാരമാക്കും. സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് അതേപടി അംഗീകരിച്ചോ എന്ന ചോദ്യത്തിന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കൃത്യമായ മറുപടി നൽകിയില്ല.