പാലക്കാട്: ജില്ലയിലെ സിപിഎം വിമതരും അസംതൃപ്തരുംചേർന്ന് സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പാർട്ടിയുടെ മുതിർന്ന നേതാവ് പി.കെ. ശശിയെ സിപിഎം പുറത്താക്കി. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡപത്തിൽ നടന്ന കൺവൻഷനിലാണ് ശശി പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു.
കൺവൻഷനിൽ സംസാരിച്ച ശശി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഇതിനെത്തുടർന്ന് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും ശശി വ്യക്തമാക്കി. തങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും, പാലക്കാട് ജില്ലയിൽ പാർട്ടിക്കുള്ളിൽ ഗുരുതര പ്രശ്‌നങ്ങളാണുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാനേതൃത്വത്തിനെതിരെ അഴിമതി ആരോപണങ്ങളും ശശി ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് സുരേഷ് ബാബു തുടരുകയാണെങ്കിൽ പാർട്ടിയിൽ തുടരാനില്ലെന്നും, പാർട്ടിക്കുള്ളിൽ മുൻപൊരിക്കലും കാണാത്ത വിധം പണപ്പിരിവ് നടക്കുകയാണെന്നും ശശി ആരോപിച്ചു. തങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാട് എടുത്ത ചിലരെ പുറത്താക്കിയതും ചിലരെ തരംതാഴ്ത്തിയതും പ്രതിഷേധത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാനേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണ് ഇപ്പോൾ രൂപംകൊണ്ടിരിക്കുന്നത്. ഇത് ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി മാറ്റാനുള്ള ശ്രമം ഉണ്ടാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതനേതാവും പഞ്ചായത്ത് അംഗവുമായ സതീഷ് പറഞ്ഞു, സിപിഎം ജില്ലാ കമ്മിറ്റിയിലെ അഞ്ച്‌പേർ കൂടി ഉടൻ വിമത വിഭാഗത്തിനൊപ്പംചേരുമെന്ന്. പി.കെ. ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷത്തോളമായി പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന പി.കെ. ശശി അടുത്തിടെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തെ തിരിച്ചുവരാൻ പാർട്ടിനേതാക്കളും മന്ത്രിമാരും ഉൾപ്പെടെ പലരും ശ്രമിച്ചിരുന്നുവെന്നാണ് വിവരം. വിമതരുടെ നീക്കം തടയാൻ പാർട്ടി വിവിധ തലങ്ങളിൽ ഇടപെടലുകളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പി.കെ. ശശിയുടെ ആരോപണങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പ്രതികരിച്ചു. ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിമതരുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പി.കെ. ശശിയെ സിപിഎം പുറത്താക്കി
