തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് സി.പി.എം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന എൽ.ഡി.എഫ് ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഈ ‘ഉപകാരസ്മരണ’ നിയമനം. ബംഗാളിൽ സമാന നിയമനം നടന്നപ്പോൾ അതിനെ ഒത്തുകളിയെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയും എ.ഐ.സി.സിയും കേരളത്തിലെ കോൺഗ്രസ്-ബി.ജെ.പി-തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുകെട്ടിനെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബംഗാളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവികൾ നൽകിയതിനെതിരെ ദേശീയതലത്തിൽ ‘കൂൾ ഓഫ് ടൈം’ ആവശ്യപ്പെട്ട കോൺഗ്രസ് ഇപ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കേന്ദ്രത്തിൽ ബിജെപി ചെയ്യുന്നതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാനാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നത്.
എസ്.ഐ.ആറിന്റെ പേരിൽ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കിയും, വോട്ട് ചേർക്കൽ അപ്രതീക്ഷിതമായി അവസാനിപ്പിച്ചും യു.ഡി.എഫിന് അനുകൂലമായി കമ്മീഷൻ വോട്ടർപട്ടിക അട്ടിമറിച്ചെന്ന് സി.പി.എം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീൽ പ്രത്യക്ഷപ്പെട്ടതും, പാലക്കാട് ഉൾപ്പെടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയതും, ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ചതും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പോളിംഗ് ശതമാനം പുറത്തുവിടാൻ വൈകിയതും സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന ആക്ഷേപവും ഈ നിയമനത്തോടെ വലിയ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
രത്തൻ ഖേൽക്കറിന്റെ നിയമനം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്ന് സി.പി.എം
