കൊച്ചി: എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കൽ നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാക്കാൻ പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ശനിയാഴ്ചയ്ക്കകം ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശിച്ചത്.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശപ്രകാരം ആലുവ റൂറൽ എസ്പിക്ക് മതിയായ പൊലീസ് സുരക്ഷ ഒരുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷക കമ്മീഷന് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് മുൻസിഫ് കോടതി നിലപാട് കടുപ്പിച്ചത്. വിധി നടപ്പാക്കാനുള്ള ചുമതല മുൻസിഫ് കോടതിക്കാണ് നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി പാരിയത്തുകാവിൽ താമസിക്കുന്ന എട്ട് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ദിവസം സുപ്രീകോടതി നിർദേശപ്രകാരം പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടിരുന്നു. അഭിഭാഷക കമ്മീഷനായ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ നടപടി പൂർത്തിയാക്കാനായില്ല.
കോടതി ഉത്തരവ് നടപ്പാക്കാൻ ഇതുവരെ പതിനഞ്ച് തവണ ശ്രമം നടന്നിട്ടുണ്ടെന്നും, ഇത്തവണ കർശന സുരക്ഷയോടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കമെന്നും വിവരം.
പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ രണ്ടുദിവസത്തിനകം പൂർത്തിയാക്കണം; പൊലീസിന് കോടതിയുടെ കർശന നിർദേശം
