അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താത്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താത്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി


കൊച്ചി: അമ്മയിലെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. ഭരണസമിതിയുടെ രാജിയ്ക്ക് പിന്നാലെ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക്. ശ്വേത മേനോന്റെ ഹര്‍ജിയിൽ എറണാകളും മുന്‍സിഫ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. 

കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ശ്വേത മേനോന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ശ്വേത മേനോന്‍ കോടതിയെ സമീപിക്കുന്നത്. അഡ്‌ഹോക് കമ്മിറ്റി അമ്മയുടെ ബൈ ലോയില്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേര്‍പ്പെടുത്തണമെന്നാണ് ശ്വേത ഹര്‍ജിയില്‍ പറഞ്ഞത്.

പിന്നാലെയാണ് അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നിലവിലെ ഭരണസമിതിയ്ക്ക് പ്രവര്‍ത്തനം തുടരാമെന്നും അറിയിച്ചു. നേരത്തെ, ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജിക്കത്ത് കൈമാറിയിരുന്നില്ല. 

ഇന്നലെ കൊച്ചിയില്‍ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം ശ്വേത മേനോന്‍ അടക്കം രാജി പ്രഖ്യാപിച്ചവര്‍ അമ്മയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ ബി ഗണേഷ് കുമാറും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് ശേഷം മറുപടിയുമായി രം​ഗത്തെത്തിയ ശ്വേത മേനോന്‍, പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.