എറണാകുളം: കുഞ്ചാക്കോ ബോബൻ അഭിനയിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന മലയാള സിനിമയുടെ നിർമ്മാതാക്കൾക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. തന്റെ മൊബൈൽ നമ്പർ അനുമതിയില്ലാതെ പ്രദർശിപ്പിച്ചതിനെതിരേ കണ്ണൂർ സ്വദേശി നൽതിയ പരാതിയിലാണ് എറണാകുളം കോടതിയുടെ നടപടി.
2014 മുതൽ താൻ ഉപയോഗിക്കുന്നതും ആധാർ, പാൻ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധിപ്പിച്ചതുമായ തന്റെ സ്വകാര്യ മൊബൈൽ നമ്പർ ചിത്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അതിനുശേഷം തന്റെ നമ്പറിലേക്ക് നിരവധി അനാവശ്യ കോളുകളും ഭീഷണി സന്ദേശങ്ങളും വന്നതായും ഇത് തനിക്ക് കടുത്ത ദുരിതം ഉണ്ടാക്കിയതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദേവിക ലാൽ കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.
ബി.എൻ.എസ് സെക്ഷൻ 175 പ്രകാരം കേസെടുക്കണം. നിർമ്മാതാക്കളായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ, നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്, മെറ്റാ ടെക്നോളജി പ്ലാറ്റ്ഫോംസ് പ്രൈവറ്റ് ലിമിറ്റഡ്, വാട്ട്‌സ്ആപ്പ്, ഭാരതി എയർടെല്ലിന്റെ നോഡൽ ഓഫീസർമാർ തുടങ്ങിയവർക്കെതിരെയാണ് പരാതി.
2025 ഫെബ്രുവരിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് 2025 മാർച്ചിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങി. പിന്നീട് സീ കേരളത്തിൽ സംപ്രേഷണം ചെയ്തു. ചിത്രം ആഗോളതലത്തിൽ ഒന്നിലധികം ഭാഷകളിൽ ലഭ്യമാകുന്ന തരത്തിലായിരുന്നു സിനിമ റിലീസ് ചെയ്തത്.
കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ അനുമതിയില്ലാതെ പ്രദർശിപ്പിച്ചു; കുഞ്ചാക്കോ ബോബൻ അഭിനയിച്ച 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്ക് കുരുക്ക്
