പാലക്കാട്: ഓണക്കാല ലഹരിക്കച്ചവടത്തിനായി എത്തിച്ചുവെന്ന് സംശയിക്കുന്ന ഒരു കോടി രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. ഒലവക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഡാന്‍സാഫും പൊലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദീന്‍, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു പരിശോധന.
എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിവസ്തുക്കളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി എത്തിച്ച് ഓണക്കാലത്ത് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്‌നാട്ടില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ലഹരി കടത്തിയത്. ബെംഗളൂരുവില്‍നിന്ന് കോയമ്പത്തൂരിലെത്തിയ സംഘം പിന്നീട് ടാക്‌സിയില്‍ പാലക്കാട്ടേക്ക് വരികയായിരുന്നു. ടാക്‌സി െ്രെഡവറെ കബളിപ്പിച്ചാണ് ലഹരി കടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ സംസ്ഥാനാന്തര ലഹരിമാഫിയയുടെ ഇടപെടലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ലഹരിവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
പാലക്കാട് വന്‍ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍
