തിരുവനന്തപുരം: മേയ് 18ന് തന്നെ മുഖ്യമന്ത്രി വി.ഡി.സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനുള്ള ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള വീതംവയ്പ് കഴിയുംവേഗം പൂർത്തിയാക്കി ഇന്നു തന്നെ കോൺഗ്രസ് മന്ത്രിമാരെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങാനാണ് ആലോചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും കോൺഗ്രസിൽ നിന്നാകും. ബാക്കിയുള്ളവയിൽ ഏകാംഗ കക്ഷികൾക്ക് ഫുൾ ടേം നൽകാനും ആലോചിക്കുന്നുണ്ട്.
മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെങ്കിലും കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഉന്നത നേതാക്കളുമായും എ.ഐ.സി.സി നേതൃത്വവുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് വി.ഡി.സതീശന്റെ നീക്കം. കെ.സി.വേണുഗോപാൽ പക്ഷത്തിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായാൽ ആഭ്യന്തരമോ ധനവകുപ്പോ നൽകുന്നതും പരിഗണിക്കുന്നുണ്ട്. കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, എം.ലിജു, ടി.സിദ്ദിഖ്, എം.പി.അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, വി.ടി.ബൽറാം തുടങ്ങിയവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. ജില്ലാ, സമുദായ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ ആർക്കെല്ലാം നറുക്കുവീഴുമെന്നത് നിർണായകമാണ്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകാനാണ് സാദ്ധ്യത. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദീൻ, മഞ്ഞളാംകുഴി അലി എന്നിവർ പ്രാഥമിക പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. കെ.എം.ഷാജി, എം.കെ.എം.അഷ്റഫ് എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാരിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ചോദിക്കാനാണ് ലീഗിന്റെ താത്പര്യം. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫിന്റെയും അപു ജോൺ ജോസഫിന്റെയും പേരുകളാണ് ഉയർന്നിട്ടുള്ളത്. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസ് ആവശ്യപ്പെട്ടേക്കും.
ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോൺ, അനൂപ് ജേക്കബ് (കേരള കോൺഗ്രസ്- ജേക്കബ്), സി.പി.ജോൺ (സി.എം.പി), മാണി.സി.കാപ്പൻ (കെ.ഡി.പി) എന്നിവർ ഘടകകക്ഷികളിൽ നിന്ന് മന്ത്രിമാരാകും. ആർ.എം.പിയിൽ നിന്ന് കെ.കെ.രമ ജയിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ അംഗമാകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം. യു.ഡി.എഫ് നേതൃയോഗം ഇന്ന് വൈകിട്ട് നാലിന് കന്റോൺമെന്റ് ഹൗസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്; കെ.സി ഗ്രൂപ്പിന് കൂടുതൽ പ്രാതിനിധ്യം
