സുപ്രധാന വകുപ്പുകളില്‍ ചിലത് മുസ്ലിം ലീഗിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

സുപ്രധാന വകുപ്പുകളില്‍ ചിലത് മുസ്ലിം ലീഗിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി


തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിലെ വകുപ്പ് വിഭജനത്തില്‍ സുപ്രധാന വകുപ്പുകളില്‍ ചിലത് മുസ്ലിം ലീഗിന് കൈമാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അതൃപ്തി ശക്തമായി. ദീര്‍ഘകാലമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന ഫിഷറീസ്, ഗ്രാമവികസന വകുപ്പുകള്‍ ലീഗിന് നല്‍കിയതിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയരുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലും മന്ത്രിമാരിലും നിന്നുണ്ടായ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും തമ്മിലുള്ള കൈമാറ്റ ചര്‍ച്ചകള്‍ തുടക്കത്തില്‍ തന്നെ യു ഡി എഫിലെ വകുപ്പ് വിഭജന ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കിയിരുന്നു.

ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് കൈവശം തുടരണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭയും രംഗത്തെത്തിയിരുന്നു. അതേസമയം, ഫിഷറീസ് വകുപ്പ് ലഭിക്കാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മുസ്ലിം ലീഗ്.

പുതിയ വകുപ്പ് വിഭജന പ്രകാരം വി ഇ അബ്ദുല്‍ ഗഫൂര്‍ ഫിഷറീസ് വകുപ്പും അനില്‍ കുമാര്‍ റവന്യൂ വകുപ്പും കൈകാര്യം ചെയ്യും. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പും പി കെ ബഷീറിന് പൊതുമരാമത്ത് വകുപ്പും കെ എം ഷാജിക്ക് തദ്ദേശഭരണ വകുപ്പും ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പും ലഭിച്ചു.

പി സി വിഷ്ണുനാഥിന് ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പുകളും എം ലിജുവിന് സഹകരണം, എക്സൈസ് വകുപ്പുകളും നല്‍കി. എന്‍ ഷംസുദ്ദീന് പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പുകളും കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളും ലഭിച്ചു.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ശേഷവും വകുപ്പ് വിഭജനം പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്. ഒടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് വിട്ടുനല്‍കി പ്രശ്നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കൂടുതല്‍ അവസരമുള്ള ഫിഷറീസ് വകുപ്പ് നഷ്ടപ്പെട്ടതില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസഹായം വന്‍തോതില്‍ ലഭിക്കുന്ന ഫിഷറീസ്, ഗ്രാമവികസന വകുപ്പുകള്‍ കൈവിടേണ്ടതില്ലായിരുന്നുവെന്ന വിമര്‍ശനവും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.