മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്; ഉടന്‍ തീരുമാനിക്കും: കെ സി വേണുഗോപാല്‍

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളുണ്ട്; ഉടന്‍ തീരുമാനിക്കും: കെ സി വേണുഗോപാല്‍


തിരുവനന്തപുരം: യു ഡി എഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനവും രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തെരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ലെന്നു പറഞ്ഞ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ലെന്നും വ്യക്തമാക്കി. അതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പത്തു വര്‍ഷത്തെ എല്‍ ഡി എഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പുഫലത്തില്‍ കണ്ടത്. യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യു ഡി എഫിന് വോട്ട് ചെയ്തുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തെരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ നേതാക്കളും യു ഡി എഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുല്‍ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വിമതശല്യം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും സി പി എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട നേതാക്കളെ യു ഡി എഫിന്റെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനവും  വന്‍വിജയത്തിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത തീരുമാനത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെങ്കിലും കണ്ണൂരിലെ സി പി എം കോട്ടകളില്‍ പോലും യു ഡി എഫിനെ വിജയിപ്പിക്കാന്‍ ആ തീരുമാനത്തിന് സാധിച്ചുവെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 

ബി ജെ പി ജയിച്ച സീറ്റുകളില്‍ സി പി എമ്മിന്റെ ചെലവിലാണെന്നും കെ സി പറഞ്ഞു.