തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി വീണ, മുൻ മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.
മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ ഇഡി ആദ്യം കത്ത് നൽകിയത് ഡിജിപിക്കാണ്. ഡിജിപി ഈ കത്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
തുടർനടപടികൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സർക്കാരിൻ്റെ നിർദേശം തേടിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനോട് നിയമോപദേശം ആവശ്യപ്പെടുകയായിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എജി സർക്കാരിന് നിയമോപദേശം കൈമാറിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കാൻ തീരുമാനിച്ചത്.
ഇത്തരമൊരു പരാതി നൽകാൻ ഇ.ഡിക്ക് നിയമപരമായ അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ലഭിക്കുന്ന വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ ഇ.ഡിക്ക് ചുമതലയുണ്ട്. സുപ്രീം കോടതിയുടെ വിജയ് മദൻലാൽ കേസിലെ വിധിന്യായവും ആഭ്യന്തരമന്ത്രി എടുത്തുകാട്ടി.
അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ട്. ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഡിജിപി തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഡി സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നാലു ദിവസം മുമ്പാണ് നിയമോപദേശം ലഭിച്ചത്.
ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച്ച നടത്തിയത്.
മാസപ്പടി കേസിൽ അന്വേഷണം: പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരേ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
