പിണറായി ഒന്നാം പ്രതി, വീണ രണ്ടാമത്; സിഎംആർഎൽ മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

പിണറായി ഒന്നാം പ്രതി, വീണ രണ്ടാമത്; സിഎംആർഎൽ മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്


തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി, കുഴൽപ്പണ കേസുകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതിചേർത്ത് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആറുകൾ സമർപ്പിച്ചു.

ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യത്തെ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ ടി. വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നൽകാത്ത സേവനത്തിന് 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചുവന്ന ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് ഈ കേസിന് അടിസ്ഥാനമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. രണ്ടായിരത്തി പതിനേഴ് മുതലുള്ള കാലയളവിൽ വീണയ്ക്ക് ലഭിച്ച പണം റിയാസും സുഹൃത്തുക്കളും ചേർന്ന് കുഴൽപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്ന് ഇഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ജസ്റ്റിസ് ബദറുദ്ദീൻ്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഡിജിപിക്കല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യം ബോധ്യപ്പെട്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് വിജിലൻസ് കേസെടുത്തത്. പുതിയ അന്വേഷണ സംഘത്തെ സർക്കാർ ഉടൻ പ്രഖ്യാപിക്കും. എസ്‌പി മഹേഷിൻ്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിനാൽ മറ്റൊരാളെ നിയമിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാകും അന്വേഷണം പുരോഗമിക്കുക.

സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.