തിരുവനന്തപുരം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുന്നോടിയായി തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ അജയ്മാക്കനും മുകുൾ വാസനിക്കും എംഎൽഎമാരുടെ അഭിപ്രായം തേടും.
ഇന്ന് രാവിലെ ചേരുന്ന പത്തിനാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരുന്ന എംഎൽഎ മാരുടെ യോഗം ചേരുക.
യോഗത്തിനു ശേഷം എം.എൽ.എമാർക്ക് നിരീക്ഷകരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരമുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് നൽകുന്ന പ്രമേയവും യോഗത്തിൽ പാസാക്കും.
എം.എൽ.എമാരുടെ അഭിപ്രായം ശേഖരിക്കുമെങ്കിലും അതുമാത്രമാകില്ല അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനം. പൊതുജന സ്വീകാര്യത, മുന്നണി ഘടകകക്ഷികളുടെ നിലപാട്, ഭരണപരിചയം, മുന്നണിയെ ഏകോപിപ്പിക്കാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങളും ഹൈക്കമാൻഡ് പരിഗണിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന പേരുകളായി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, tദശീയ തലത്തിൽ പ്രവർത്തിക്കുന്ന കെ.സി വേണുഗോപാൽ എന്നിവരാണ് ചർച്ചകളിൽ മുന്നിലുള്ളത്.
എം.എൽ.എമാരുടെ അഭിപ്രായം നിരീക്ഷകരുടെ മാത്രം സാന്നിധ്യത്തിൽ തേടണമെന്ന നിർദേശവും സതീശൻ മുന്നോട്ടുവയ്ക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കൂടിക്കാഴ്ചയിൽ ഉണ്ടാകരുതെന്ന ആവശ്യമാണ് ഇതിന് പിന്നിൽ. എം.എൽ.എമാരുടെ അഭിപ്രായങ്ങൾ പുറത്തുപോകാതിരിക്കാനാണ് ഈ നീക്കമെന്നാണ് സതീശൻ പക്ഷത്തിന്റെ വിശദീകരണം.
ദീപ ദാസ്മുൻഷിക്ക് കെ.സി വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും സതീശൻ അനുകൂലികൾ ഉയർത്തുന്നുണ്ട്. എം.എൽ.എമാർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ലഭിച്ചാൽ ഭൂരിപക്ഷ പിന്തുണ വി.ഡി. സതീശന് ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.
ആര് മുഖ്യമന്ത്രിയാകണം : കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടി ഹൈക്കമാൻഡ് നിരീക്ഷകർ ; ഇന്ന് അടിയന്തരയോഗം
