തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവൻ കടുത്ത ജാഗ്രതയിൽ. ഇന്ന് ഉച്ചയ്ക്ക് 1ന് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുക. കോൺഗ്രസിന്റെ എല്ലാ എം.എൽ.എമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗ്രൂപ്പ് തിരിഞ്ഞുള്ള കടുത്ത മത്സരമാണ് നടന്നിട്ടുള്ളതിനാൽ യോഗത്തിനിടെ ചേരിതിരിഞ്ഞുള്ള നീക്കങ്ങളോ യോഗത്തിനു ശേഷം വെളിയിൽ പ്രകടനങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. ഘടകകക്ഷികളുടെ എം.എല്‍.എമാരോടും തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് നിയമസഭാ കക്ഷിയോഗത്തില്‍ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തീരുമാനം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പ്രഖ്യാപിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം മേധാവി ജയറാം രമേശ് ഇന്നലെ അറിയിച്ചിരുന്നു. വി.ഡി,സതീശന്‍, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരിൽ നിന്ന് ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്നതിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.
അതിനിടെ മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമാകും യോഗം. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ വെച്ചാണ് യോഗം ചേരുക. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. കേരള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം തിരുവനന്തപുരത്താകും ചേരുക. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം.
മുഖ്യമന്ത്രി ആരാകും? എല്ലാ കണ്ണുകളും ഇന്ദിരാ ഭവനിലേക്ക്; അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത നിർദേശം
