കൊച്ചി വിമാനത്താവളത്തില്‍ വിദേശമദ്യം അളവില്‍ കൂടുതല്‍ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കണമെന്ന് സര്‍ക്കുലര്‍

കൊച്ചി വിമാനത്താവളത്തില്‍ വിദേശമദ്യം അളവില്‍ കൂടുതല്‍ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കണമെന്ന് സര്‍ക്കുലര്‍


കൊച്ചി: അനുവദനീയമായ രണ്ട് ലിറ്ററില്‍ കൂടുതല്‍ വിദേശമദ്യം കൊണ്ടുവന്നാല്‍ പിഴയടച്ച് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍. ഇക്കാര്യത്തെ കുറിച്ച് കൊച്ചി എയര്‍ കസ്റ്റംസ് ഔദ്യോഗികമായി പ്രതികരിച്ചില്ല. 


ബാഗേജ് റൂള്‍ പ്രകാരം ഒരു യാത്രക്കാരന് രണ്ടു ലിറ്റര്‍ വിദേശ മദ്യം കൊണ്ടുവരാനാവും. അളവില്‍ കൂടുതലുണ്ടെങ്കില്‍ ആവശ്യമായ പിഴയടച്ചാല്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളു. എന്നാല്‍ ഏപ്രില്‍ 20ന് കസ്റ്റംസ് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ രണ്ടു ലിറ്ററിലധികം വിദേശമദ്യം കൊണ്ടുവന്നാല്‍ പിടിച്ചെടുക്കണമെന്നാണ് പറയുന്നത്. പിഴയടച്ച് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 


കേരള അബ്കാരി നിയമപ്രകാരം എക്‌സൈസ് അനുമതിയുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മദ്യം കൊണ്ടുപോകാന്‍ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവിനെതിരെ കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തു വരികയായിരുന്നു. 

വിമാനത്താവളത്തിനകത്ത് അബ്കാരി നിയമം ബാധകമല്ലെന്നിരിക്കെ സര്‍ക്കുലറിന്റെ നിയമ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 


വിദേശ മദ്യം അളവില്‍ കൂടുതലുണ്ടാകുമ്പോള്‍ പിടിച്ചെടുക്കുകയാണെങ്കില്‍ അത് സീല്‍ ചെയ്യാനും പൊട്ടാതെ സൂക്ഷിക്കാനും ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ട് നേരിടുമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന്, സ്വര്‍ണം തുടങ്ങി പലതും പിടിച്ചെടുക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കുപ്പി പിടിച്ചെടുക്കുന്നത് പരിഹാസ്യമല്ലേയെന്നും അവര്‍ ചോദിക്കുന്നു. മാത്രമല്ല പിടിച്ചെടുക്കുന്ന മദ്യം ലേലം ചെയ്യാനോ വില്‍പ്പന നടത്താനോ അധികൃതര്‍ക്ക് കഴിയില്ലെന്നും നശിപ്പിക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 


മദ്യം പിടിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നു എന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മറ്റു ജോലികളെ ബാധിക്കുന്നതും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലില്ലാത്ത നിയമം കൊച്ചിയില്‍ മാത്രം നടപ്പാക്കുന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു.