നെടുമ്പാശ്ശേരി: വ്യോമ, റോഡ്, റെയില്‍, ജല മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് മള്‍ട്ടിമോഡല്‍ കാര്‍ഗോ ശൃംഖല സ്ഥാപിക്കുമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ അതിന്റെ കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) കാര്‍ഗോ വിഭാഗം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഫിക്കിയുമായി ചേര്‍ന്ന് സിയാല്‍ സംഘടിപ്പിച്ച രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന വേദിയില്‍ സ്ഥാപിച്ച കോക്ക്പിറ്റ് മാതൃകയില്‍ ഗിയര്‍ ചലിപ്പിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
വിമാനത്താവളം എന്നതിനപ്പുറം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് സിയാല്‍ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,000 മെട്രിക് ടണ്ണിലേറെ ചരക്കുകള്‍ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 74,000 ടണ്ണായി ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ശതമാനം ലാഭ വിഹിതമാണ് നിക്ഷേപകര്‍ക്ക് സിയാല്‍ നല്‍കിയത്. പ്രവര്‍ത്തനം കൊണ്ട് രാജ്യത്തിനാകെ മാതൃകയാണ് സിയാലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് പഞ്ചായത്തുകള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ മൂന്ന് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ട്ടിഫിക്കേഷനായി സിയാല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ആഗോളതലത്തില്‍ ശ്രദ്ധേയരായ കമ്പനികള്‍ സിയാലിന് സമീപം ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് സിയാലിലെ കാര്‍ഗോ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വന്‍കിട കമ്പനികളുടെ സാന്നിധ്യം ചരക്ക് നീക്കത്തിലെ വളര്‍ച്ചാ നിരക്കിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
കാര്‍ഗോ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച സ്ഥാപനങ്ങളെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ ആര്‍ പൈ നന്ദി പറഞ്ഞു.
എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്താ പോള്‍, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, സിയാല്‍ ഡയറക്ടര്‍ വര്‍ഗീസ് ജേക്കബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു എന്നിവരും പങ്കെടുത്തു.
ഇതോടെ, രണ്ട് ദിവസമായി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നുവന്ന രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റ് 2026 സമാപിച്ചു.
