ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് പരീക്ഷണം നാളെ മുതൽ; കൊച്ചിയിൽ നിന്ന് ദ്വീപുകളിലേക്ക് പുതിയ ബന്ധം

ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് പരീക്ഷണം നാളെ മുതൽ; കൊച്ചിയിൽ നിന്ന് ദ്വീപുകളിലേക്ക് പുതിയ ബന്ധം


കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ഗതാഗത-ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനായി കൊച്ചിയിൽ നിന്ന് വിവിധ ദ്വീപുകളിലേക്കുള്ള സീപ്ലെയിൻ സർവീസ് പരീക്ഷണം നാളെ (മെയ് 13) മുതൽ ആരംഭിക്കും. കാലാവസ്ഥ അനുകൂലമായാൽ പരീക്ഷണ സർവീസുകൾ മൂന്ന് ദിവസത്തേക്ക് നടത്തുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ലിമിറ്റഡ് (സിയാൽ) അറിയിച്ചു.

20 സീറ്റുകളുള്ള ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് പരീക്ഷണ സർവീസിന് ഉപയോഗിക്കുന്നത്. സ്‌കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് സർവീസ് നടത്തുക. കൊച്ചി-അഗത്തി-കൽപേനി-കവരത്തി, കൊച്ചി-കദ്മത്ത്-കിൽത്താൻ-അഗത്തി എന്നീ റൂട്ടുകളിലായി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ആകെ 12 പരീക്ഷണ സർവീസുകളാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി സഹകരിച്ചാണ് സിയാൽ പരീക്ഷണ സർവീസുകൾക്ക് ആവശ്യമായ എല്ലാ സാങ്കേതിക-പ്രവർത്തന പിന്തുണയും ഒരുക്കുന്നത്.

സീപ്ലെയിൻ സർവീസ് യാഥാർഥ്യമായാൽ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുന്നതിനൊപ്പം ടൂറിസം രംഗത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അടിയന്തര യാത്രകൾക്കും ചരക്കുനീക്കത്തിനും ഇത് സഹായകരമാകുമെന്ന് വിലയിരുത്തുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായാണ് പദ്ധതിയെ കാണുന്നത്.