പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സന്ദീപിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ അച്ഛൻ അട്ടത്തോട് സ്വദേശി കൃഷ്ണൻകുട്ടി, സുഹൃത്തുക്കളായ അട്ടത്തോട് മൂഴിക്കൽ വീട്ടിൽ ഗോപി, ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ എന്നിവരാണ് പ്രതികൾ. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലിലാണ് പൊലീസ് കൊലപാതകമെന്ന് നിഗമനത്തിലേക്ക് എത്തുന്നത്.
ഇന്നലെ രാത്രി തന്നെ ചെങ്ങറ ഭാഗത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയിരുന്നു. നാടൻ തോക്ക് കൈവശംവച്ച നിലയിലാണ് പ്രതികളെ കണ്ടെത്തിയത്. കൂടാതെ, ഇവർ സഞ്ചരിച്ചിരുന്ന ടവേര വാഹനത്തിൽ നിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന് , വെടിയുണ്ടകൾ, വാൾ, പിച്ചാത്തി, വെട്ടുകത്തി, ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷ്ണങ്ങൾ, തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടർന്ന് ഇവരെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിവായത്. ഇവരെ ആയുധ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും കൊലപാതക കുറ്റം സമ്മതിച്ചതിനാൽ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പോലീസിന്റെ നീക്കം.
സന്ദീപിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വെളിവായതോടെ ആയുധങ്ങൾ ഉപയോഗിച്ചും മർദ്ദിച്ചുമാണ് കൊല നടത്തിയതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതോടെ, യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കൾ വേട്ടയാടി കൊലപ്പെടുത്തിയതാണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്തെങ്കിലേ വ്യക്തത വരൂയെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സന്ദീപിനെ വീടിനോട് ചേർന്നുള്ള കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും സന്ദീപിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീർത്തും അവശനായ നിലയിലായിരുന്നു യുവാവ്. രാത്രി 7 മണിയോടെയായിരുന്നു സന്ദീപ് വീട്ടിൽനിന്ന് ഇറങ്ങിയത്. അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടിൽനിന്ന് പുറത്തുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സന്ദീപ് അവശനായി കിടന്ന കുഴിയുടെ സമീപത്തുകൂടി ചില ആളുകൾ പോയതായി നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇവരുടെ ബന്ധുക്കൾ വീടിന്റെ സമീപം എത്തിയിരുന്നതായും മരണത്തിൽ അവരെ സംശയമുണ്ടെന്നും സന്ദീപിന്റെ പിതാവ് സദാനന്ദൻ പറഞ്ഞു.
ചിറ്റാറിലെ സന്ദീപിന്റെ കൊലപാതകത്തിൽ വൻ ദുരൂഹത; പ്രതികളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തത് വേട്ടയാടുന്നതിനുള്ള ആയുധങ്ങൾ
