വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം; അദാനി മാനേജ്‌മെന്റിനെ അതൃപ്തി നേരിട്ട് അറിയിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം; അദാനി മാനേജ്‌മെന്റിനെ അതൃപ്തി നേരിട്ട് അറിയിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തിൽ കടുത്ത അതൃപ്തിയുമായി സംസ്ഥാന സർക്കാർ. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ യാതൊരുവിധ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ആഗോള ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായത്. ഈ വിഷയത്തിലുള്ള സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പും അതൃപ്തിയും മുഖ്യമന്ത്രി വിഡി സതീശൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ നേരിട്ട് അറിയിച്ചു.

കേരളത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഈ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രമേ കൺസഷനറുടെ ഓഹരി ഘടനയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ പാടുള്ളൂ.

അദാനി ഗ്രൂപ്പ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഹരി വിൽപന കരാറിന്റെ നിയമസാധുതകൾ പരിശോധിക്കാൻ റവന്യൂ-നിയമ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണ്ണമായും കര്‍ശനമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ സർക്കാർ തങ്ങളുടെ ഔദ്യോഗികമായ തുടര്‍ നിലപാട് സ്വീകരിക്കുക. കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഒരു നീക്കവും അനുവദിക്കില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ താല്‍പര്യങ്ങൾ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് സർക്കാർ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ വൻകിട തുറമുഖങ്ങളോട് മത്സരിക്കാൻ ശേഷിയുള്ള ഒരു ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തുകയെന്നതാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യം.