'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ സുകുമാരന്‍ നായര്‍ക്ക് അതൃപ്തി

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ സുകുമാരന്‍ നായര്‍ക്ക് അതൃപ്തി


കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി. സുകുമാരന്‍ നായര്‍, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് കുറ്റപ്പെടുത്തി. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് സുകുമാരന്‍ നായർ വിമര്‍ശനം ഉന്നയിച്ചത്. ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പണ്ട് പലതവണ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാടുമാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് സുകുമാരൻ നായർ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടുതവണ എന്‍.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയില്‍ ഇന്നുചേര്‍ന്ന എന്‍.എസ്.എസ് വാര്‍ഷിക ബജറ്റ് യോഗത്തില്‍ ജനറൽ സെക്രട്ടറി മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.

തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ വി ഡി സതീശനും സുകുമാരന്‍ നായരും തമ്മിലുള്ള വാക്പോര് വലിയ വിവാദത്തിനിടയാക്കിയിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകേണ്ടതില്ലെന്ന വി.ഡി സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണനിരങ്ങിയ ആളാണ് വി.ഡി സതീശന്‍ എന്ന് സുകുമാരന്‍ നായര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.