`സർക്കാരിന്റെ ആയുധമാകരുത്'; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ ബിജുവിനെ വിമർശിച്ച് കോടതി, മാപ്പപേക്ഷ തള്ളി

`സർക്കാരിന്റെ ആയുധമാകരുത്'; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ ബിജുവിനെ വിമർശിച്ച് കോടതി, മാപ്പപേക്ഷ തള്ളി


കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ വകുപ്പ് സെക്രട്ടറി കെ.ബിജുവിന് വീണ്ടും വിമർശനം. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കെ.ബിജുവിൻ്റെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. സർക്കാരിൻ്റെ ആയുധമാകരുതെന്ന് ബിജുവിന് മുന്നറിയിപ്പ് നൽകിയ കോടതി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തു. 

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഹൈക്കോടതിയെ കുറ്റപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയതിലാണ് കെ.ബിജുവിനെ നേരിട്ട് വിളിച്ച് വരുത്തി ഹൈക്കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചത്. സർക്കാരിൻ്റെ ആയുധമായി മാറരുതെന്നും കോടതിയോട് ഏറ്റുമുട്ടിയാൽ ഒരു സർക്കാരിനും സംരക്ഷിക്കാനാകില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇന്നലെ സമർപ്പിച്ച മാപ്പപേക്ഷയും തള്ളി. 

കോടതി സമ്മർദ്ദം കാരണം മനസിസ്സിരുത്തി ചിന്തിക്കാതെയാണ് കശുവണ്ടി കേസിൽ പ്രതികളെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നായിരുന്നു കെ ബിജുവിന്‍റെ ഉത്തരവിലുണ്ടായതിരുന്നത്. പരാതിക്കാരൻ ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇന്ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ ബജദറുദ്ദീൻ നിർദ്ദേശിച്ചത്. കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥൻ നിരപാധികം മാപ്പ് ചോദിച്ച് സത്യവാങ്മൂലം നൽകി. തെറ്റായ പദപ്രയോഗങ്ങൾ പിൻവലിക്കുകയാണെന്നും തന്‍റെ നടപടി അനുചിതമായിപ്പോയെന്ന് ബോധ്യമുണ്ടെന്നും മാപ്പപേക്ഷ സ്വീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും കോർപ്പറേഷൻ സെക്രട്ടറി കെ ബിജു അപേക്ഷിച്ചു.

എന്നാൽ, ഉച്ചയോടെ കേസ് പരിഗണിച്ച കോടതി മാപ്പപേക്ഷ അംഗീകരിക്കാൻ തയ്യാറായില്ല. മനസിരുത്തിയും സ്വതന്ത്രമായും പരിശോധന നടത്തിയാണോ എന്ന് സത്യവാങ്മൂലത്തിലില്ലെന്നും ഇക്കാര്യം വ്യക്തമാക്കി വാീണ്ടും മാപ്പപേക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാനാണ് ഐഎഎസുകാരെ തെരഞ്ഞെടുക്കുന്നതെന്ന് ഓർക്കണമെന്നും സർക്കാറിന്‍റെ ആയുധമാകരുതെന്നും കോടതി ഉദ്യോ​ഗസ്ഥനെ ഓർമ്മിപ്പിച്ചു. കോടതിയ്ക്ക് എതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാറിനും സംരക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ കോടതിയലക്ഷ്യ നടപടികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷെവിടെയെന്ന് ചോദിച്ച ഹൈക്കോടതി ഭീരുക്കൾ പല തവണ മരിക്കും വീരന്മാർക്ക് ഒറ്റത്തവണയേ മരണമുള്ളൂയെന്നും പരിഹസിച്ചു.