`തന്ത്രങ്ങൾ കോടതിയോട് വേണ്ട', കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി

`തന്ത്രങ്ങൾ കോടതിയോട് വേണ്ട', കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി


കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ധീൻ പറഞ്ഞു. കേസിൽ മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകാണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഹനീഷ് എത്തിയില്ല. ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയിൽ ഹനീഷ് അറിയിച്ചത്.

പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതിയിൽ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജൂലൈ ഒമ്പതിനുള്ളിൽ പ്രോസിക്യൂഷൻ അനുമതി നൽകണം ഇനി സമയം അനുവദിക്കാനാവില്ല. പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷിച്ചേർത്തു.