കതിന പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരെ കേസ്

കതിന പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരെ കേസ്


മൂവാറ്റുപുഴ: മൂവാറ്റുപുഴ കാടാതി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരേ കേസെടുത്ത് പൊലീസ്. പള്ളി വികാരി ഫാ. ബിജു വര്‍ക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോള്‍, സി എം എല്‍ദോ എന്നിവര്‍ക്കെതിരേയാണ് കേസ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല, സ്‌ഫോടക വസ്തു നിയമലംഘനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.


പള്ളി പെരുന്നാളിന്റെ നാലാം ദിവസമായ ഞായറാഴ്ച രാവിലെയാണ് വെടിമരുന്നിന് തീപിടിച്ച് അപകടമുണ്ടായത്. റാക്കാട് കാരണാട്ടുകാവ് പണ്ഡ്യാര്‍പ്പിള്ളി രവി കൃഷ്ണന്‍ (70) ആണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന റാക്കാട് മരക്കാട്ടില്‍ ജെയിംസ് (50)ന് ഗുരുതരമായി പരിക്കേറ്റു.


ഞായറാഴ്ച രാവിലെ 8.30ഓടെ പള്ളിക്ക് സമീപമുള്ള പള്ളിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പെരുന്നാളിനോടനബന്ധിച്ച് പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കതിന നിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിക്കുകയായിരുന്നു.