ശബരി റെയില്‍ പാതയ്ക്ക് 1900 കോടി രൂപ കേരളം വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം

ശബരി റെയില്‍ പാതയ്ക്ക് 1900 കോടി രൂപ കേരളം വഹിക്കാന്‍ മന്ത്രിസഭാ തീരുമാനം


തിരുവനന്തപുരം: ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക 1900 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

അങ്കമാലി- എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ അന്‍പത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി- ശബരി റെയില്‍വേ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദേശീയപാത 66-ല്‍ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്. 


കേരള സര്‍ക്കാര്‍ നേരത്തെ പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവില്‍ 3,800.9 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. ഇതിന്റെ പകുതി വിഹിതമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. 

ശബരി പദ്ധതിക്കായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാന്‍ 1361 കോടി രൂപയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 2439.93 കോടി രൂപയും ചിലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. 

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ റവന്യു അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. 

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി  രൂപ കിഫ്ബി വഴി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 

കെ- സ്‌പെയ്സിന്റെ നിര്‍ദ്ദിഷ്ട സംരംഭമായ എയ്‌റോസ്‌പെയിസ് കണ്‍ട്രോള്‍ സിസ്റ്റം സെന്റര്‍ സ്ഥാപിക്കുന്നതിനായി കിഫ്ബിയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/ തുമ്പയില്‍ വി എസ് എസി ക്യാമ്പസിനോട് ചേര്‍ന്നുള്ള 60 ഏക്കര്‍ ഭൂമി 2ഏറ്റെടുക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി 

പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് കെസ്‌പെയ്സിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയോഗിച്ചും കെസ്‌പെയ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ റിക്വിസിഷനിംഗ് അതോറിറ്റിയായി അധികാരപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കും.