തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ടു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യ മാത്രമാണ് പ്രതി. കേസ് സി.ബി.ഐക്ക് വിടാനുള്ള നീക്കത്തിനെതിരേ കണ്ണൂരിൽ നിന്നുള്ള സി.പിഎം നേതാക്കൾ പരസ്യ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഒക്ടോബര്‍ 14ന് നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പി.പി.ദിവ്യ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എ.ഡി.എമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടു; മകൾക്ക് ആശ്രിത നിയമനം നൽകും
