കൊച്ചി: കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവിന് തുടക്കം കുറിച്ച് ബിജെപി നേതൃത്വം. കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്ന് ഉറപ്പായതായി സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്ന കാര്യം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കം. ട്വന്റി 20 മുന്നണിയില്‍ എത്തുന്നത് എറണാകുളം ജില്ലയില്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സാബു എം ജേക്കബും വേദിയിലുണ്ടാകുമെന്നാണ് വിവരം. മുന്‍പ് അമിത് ഷാ കേരളം സന്ദര്‍ശിച്ചപ്പോള്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20യെ എന്‍ഡിഎയിലേക്കെത്തിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനമുണ്ടായത്.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കം: ട്വന്റി 20 എന്‍ഡിഎയിലേക്ക്, ബിജെപിക്ക് പുതിയ പ്രതീക്ഷ
