കെപിസിസിക്ക് കീഴിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ടിൽ ബിജെപി പഠന ശിബിരം; വിവാദത്തിൽ വിശദീകരണം തേടി കോൺഗ്രസ്

കെപിസിസിക്ക് കീഴിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ടിൽ ബിജെപി പഠന ശിബിരം; വിവാദത്തിൽ വിശദീകരണം തേടി കോൺഗ്രസ്


തിരുവനന്തപുരം: കെപിസിസിക്ക് കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ബിജെപി നിയോജകമണ്ഡലം പഠന ശിബിരം സംഘടിപ്പിച്ചതിനെ ചൊല്ലി കോൺഗ്രസിൽ വിവാദം. സംഭവത്തിൽ സ്ഥാപനത്തിന്റെ ചുമതലയുള്ളവരോട് കെപിസിസി വിശദീകരണം തേടും. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഹാൾ വാടകയ്ക്ക് നൽകിയതിൽ വീഴ്ചയുണ്ടായോയെന്നത് പരിശോധിച്ച ശേഷമാകും തുടർനടപടി.

ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായാണ് ഇൻസ്റ്റിറ്റിയൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയത്. ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർ ശിബിരത്തിൽ പങ്കെടുത്തിരുന്നു. സംഭവം പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയർന്നത്.
അതേസമയം, രാഷ്ട്രീയ വ്യത്യാസമില്ലാതെ വിവിധ സംഘടനകളുടെ പരിപാടികൾക്കായി സ്ഥാപനത്തിലെ ഹാൾ പതിവായി വാടകയ്ക്ക് നൽകാറുണ്ടെന്നാണ് ഇൻസ്റ്റിറ്റിയൂട്ട് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ചട്ടലംഘനമോ ഭരണപരമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് കെപിസിസിയുടെ തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സൂചനയും നേതൃത്വത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.
കെപിസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് സ്ഥാപനത്തിന്റെ ചെയർമാൻ. ജനറൽ സെക്രട്ടറിയാണ് ഭരണച്ചുമതല വഹിക്കുന്നത്. ഈ സ്ഥാപനത്തിൽ തന്നെ ബിജെപി പഠന ശിബിരം നടന്നതാണ് വിവാദത്തിന് വഴിവെച്ചത്.