കോഴിക്കോട്: എട്ടോളം ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത ഫുട്‌ബോള്‍ എഴുത്തുകാരനും നോവലിസ്റ്റും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ ലൗഡെയിനിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു.
1941 മേയ് 10ന് ചന്തുക്കുട്ടി-ചിരുത ദമ്പതികളുടെ മകനായി മലാപ്പറമ്പിലാണ് ജനനം. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ചശേഷം വിരമിച്ചു. ഘനഗംഭീരമായ ശബ്ദത്തിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ഇടംനേടിയ അദ്ദേഹം സന്തോഷ് ട്രോഫി, നെഹ്‌റു കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റ്, നാഗ്ജി ട്രോഫി തുടങ്ങിയ മത്സരങ്ങളിലൂടെയാണ് ശ്രദ്ധേയനായ കമന്റേറ്ററായി മാറിയത്. ആകാശവാണിക്കുവേണ്ടിയും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കമന്ററി നല്‍കിയിട്ടുണ്ട്. ലൈന്‍ റഫറിയായും കളിക്കളത്തില്‍ സജീവമായിരുന്നു.
പിന്നീട് ഫുട്‌ബോള്‍ എഴുത്തിലേക്കും കടന്ന അദ്ദേഹം ഫിഫയുടെ അക്രഡിറ്റഡ് ജേണലിസ്റ്റായി മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്കുവേണ്ടി ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടോളം ലോകകപ്പുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഫുട്‌ബോളിനെക്കുറിച്ചുള്ള അറിവും കളിയുടെ സൂക്ഷ്മവശങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ ശ്രദ്ധേയമാക്കി.
'പഠനപാത്രത്തിന്റെ കാമുകി', 'നീലത്തടാകം', 'അമ്പിളിച്ചോല', 'മനസ്സുകള്‍ സാഗരങ്ങള്‍', 'വൃന്ദ', 'സുഷമയുടെ ഒളിമ്പിക് പര്‍വം' എന്നിവയാണ് പ്രധാന നോവലുകള്‍. 'ഗോള്‍ഡന്‍ ഗോള്‍', 'ലോകകപ്പ് ഫുട്‌ബോള്‍: ഒരു ചരിത്ര അവലോകനം' എന്നിവയുള്‍പ്പെടെ കായികരംഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അമേരിക്ക ആസ്ഥാനമായുള്ള സായി മാം ഫൗണ്ടേഷന്റെ പുരസ്‌കാരം, തിരുവനന്തപുരം സ്‌പോര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ മികച്ച ലോകകപ്പ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം, ദക്ഷിണ കൊറിയയിലെ സോളില്‍നിന്നുള്ള മികച്ച വിദേശ പത്രപ്രവര്‍ത്തകനുള്ള ബാബ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പാര്‍വതി. മക്കള്‍: സുദീപ്, പ്രസീദ്.
ഫുട്‌ബോള്‍ ലോകകപ്പുകള്‍ക്ക് മലയാളത്തില്‍ ശബ്ദവും എഴുത്തും നല്‍കിയ ഭാസി മലാപ്പറമ്പ് അന്തരിച്ചു
