തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ധനകാര്യ സംവിധാനങ്ങളിലും സമഗ്ര പരിഷ്‌കാരങ്ങള്‍ വേണമെന്ന് സര്‍ക്കാരിന്റെ ധവളപത്രം നിര്‍ദേശിക്കുന്നു. സപ്ലൈകോയെ ബെവ്‌കോയുമായി ലയിപ്പിക്കല്‍, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, കെഎസ്ഇബിയെ സ്വയംപര്യാപ്തമാക്കല്‍, കിഫ്ബിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
സപ്ലൈകോയുടെ വന്‍ നഷ്ടം പരിഹരിക്കാന്‍ കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനുമായി ലയിപ്പിച്ച് ഒറ്റ കോര്‍പ്പറേഷനാക്കണമെന്നാണ് നിര്‍ദേശം. മദ്യവിതരണവും സിവില്‍ സപ്ലൈസും പ്രത്യേക ഡിവിഷനുകളായി പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലൂടെ സപ്ലൈകോയുടെ നഷ്ടം ബെവ്‌കോയുടെ ലാഭവുമായി തട്ടിക്കിഴിക്കാനാകുമെന്നും ഇതുവഴി നികുതി ബാധ്യത കുറയ്ക്കാനാകുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ 132 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2021-22ലെ 31,571 കോടി രൂപയായിരുന്ന സഞ്ചിത നഷ്ടം 2024-25ല്‍ 78,851 കോടി രൂപയായി ഉയര്‍ന്നു. കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നിവയാണ് നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായത്. ഈ സാഹചര്യത്തില്‍ തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങളെ വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് ധവളപത്രം ശുപാര്‍ശ ചെയ്യുന്നു.
സാമൂഹിക സേവനങ്ങള്‍ തുടരണം എങ്കിലും നഷ്ടം മറച്ചുവയ്ക്കാന്‍ സാമൂഹിക പ്രതിബദ്ധതയെ മറയാക്കരുതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സബ്‌സിഡി ഉല്‍പാദനത്തിന് പകരം ഉപഭോഗാധിഷ്ഠിതമാക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തിന്റെ പദ്ധതി ചെലവുകള്‍ ഗണ്യമായി കുറഞ്ഞതായും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. എസ് സി, എസ് ടി, ഒബിസി, ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം 2017-18ലെ 9.24 ശതമാനത്തില്‍ നിന്ന് 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. കൃഷി, വിദ്യാഭ്യാസം, സാമൂഹ്യ സേവനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങിയ മേഖലകളിലും ചെലവ് കുറഞ്ഞു.
വളര്‍ച്ചയും തൊഴിലും ഉറപ്പാക്കാന്‍ സ്വകാര്യ, സഹകരണ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഊര്‍ജ മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കണമെന്നും ധവളപത്രം നിര്‍ദേശിക്കുന്നു. വ്യവസായ വികസനത്തിനായി ഭൂനിയമങ്ങളിലും തൊഴില്‍ നിയമങ്ങളിലും പരിഷ്‌കാരങ്ങള്‍ വേണമെന്നും പറയുന്നു.
അതേസമയം, മുന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ 5,263.74 കോടി രൂപ ഉണ്ടായിരുന്നുവെന്ന് ധവളപത്രം വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മേയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 2,211.93 കോടി രൂപയായി കുറഞ്ഞതായും രേഖയില്‍ പറയുന്നു. ഇതോടെ മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി പ്രതിപക്ഷം അവകാശപ്പെട്ടു.
സപ്ലൈകോ-ബെവ്‌കോ ലയനം മുതല്‍ സ്വകാര്യവല്‍ക്കരണം വരെ; ധവളപത്രത്തില്‍ വമ്പന്‍ പരിഷ്‌കാര നിര്‍ദേശങ്ങള്‍
