ബെംഗളൂരു-എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകള്‍; ഓണക്കാല തിരക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

ബെംഗളൂരു-എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകള്‍; ഓണക്കാല തിരക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ


തിരുവനന്തപുരം: ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ റേക്ക് അനുവദിച്ച് റെയില്‍വേ ബോര്‍ഡ്. നിലവില്‍ എട്ട് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിനിന് പകരമായാണ് പുതിയ 16 കോച്ചുകളുള്ള അത്യാധുനിക റേക്ക് സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പുതിയ റേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

പുതിയ റേക്ക് സര്‍വീസില്‍ നിലവിലെ 530 സീറ്റുകളുടെ ശേഷി 1,128 ആയി ഉയരും. ഓണക്കാലത്ത് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലയാളികളുടെ തിരക്ക് കണക്കിലെടുത്താണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഓണാവധിയോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള വന്ദേ ഭാരത് സര്‍വീസില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓഗസ്റ്റ് 21, 22 തീയതികളിലെ ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് ഇതിനകം തന്നെ നൂറിലധികം വെയിറ്റിങ് ലിസ്റ്റാണുള്ളത്. അതേസമയം, ഓഗസ്റ്റ് 29 മുതല്‍ 31 വരെ ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളിലും കണ്‍ഫേംഡ് ടിക്കറ്റുകള്‍ ലഭ്യമല്ല. 16 കോച്ചുകളുള്ള റേക്ക് എത്തുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, എറണാകുളം-തിരുവനന്തപുരം വന്ദേ ഭാരത് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡ് വീണ്ടും തള്ളിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറവായതിനാല്‍ ട്രെയിന്‍ ദീര്‍ഘനേരം തിരുവനന്തപുരം സ്‌റ്റേഷനില്‍ നിര്‍ത്തിയിടേണ്ടി വരുമെന്ന സാങ്കേതിക കാരണമാണ് റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, എറണാകുളം-തിരുവനന്തപുരം സര്‍വീസിനെ ചെന്നൈ റൂട്ടുമായി ബന്ധിപ്പിക്കണമെന്ന ബദല്‍ നിര്‍ദേശവുമായി യാത്രാ സംഘടനകള്‍ രംഗത്തെത്തി. രാവിലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് നാഗര്‍കോവില്‍, മധുര, തിരുച്ചിറപ്പള്ളി വഴി ചെന്നൈയിലേക്കും, തിരിച്ചും അതേ രീതിയില്‍ സര്‍വീസ് ക്രമീകരിക്കാമെന്നാണ് സംഘടനകളുടെ നിര്‍ദേശം.

ഇത്തരത്തില്‍ രണ്ട് സര്‍വീസുകളും പരസ്പരം ബന്ധിപ്പിച്ചാല്‍ ട്രെയിനുകള്‍ സ്‌റ്റേഷനില്‍ വെറുതെ കിടക്കുന്നത് ഒഴിവാക്കാനും, കേരളം-തമിഴ്‌നാട്-ചെന്നൈ റൂട്ടുകളിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് യാത്രാ സംഘടനകളുടെ വിലയിരുത്തല്‍.