ദത്തെടുത്ത കുട്ടി എന്ന പരാമർശം വേണ്ട; രേഖകളിൽ നിന്ന് 'ദത്തുപുത്രന്‍- പുത്രി' വിശേഷണങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി

ദത്തെടുത്ത കുട്ടി എന്ന പരാമർശം വേണ്ട; രേഖകളിൽ നിന്ന് 'ദത്തുപുത്രന്‍- പുത്രി' വിശേഷണങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി


എറണാകുളം: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടി തന്നെയാണെന്ന് കേരള ഹൈക്കോടതി. നിയമപരമായി ദത്തെടുക്കുന്നതോടെ കുട്ടിക്ക് ജന്മം നൽകിയ കുടുംബവുമായുള്ള ബന്ധം വേർപെടുകയും ദത്തെടുത്ത കുടുംബത്തിലെ പൂർണ അംഗമായി മാറുകയും ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. ദത്തെടുത്ത കുട്ടികളെ മാതാപിതാക്കൾ സ്വന്തം മക്കളായാണ് കാണുന്നതെന്നും അത്തരത്തിൽ ദത്തുപുത്രനെന്നോ ദത്തുപുത്രിയെന്നോ ആരും വിളിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

​സർക്കാർ രേഖകളിൽ നിന്ന് 'ദത്തുപുത്രൻ', 'ദത്തുപുത്രി' തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ ഇത്തരം ഓപ്ഷനുകൾ സർക്കാർ ഉടൻ നീക്കം ചെയ്യണമെന്നും രേഖകളിൽ 'മകൻ' അല്ലെങ്കിൽ 'മകൾ' എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. തൃശൂർ സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി.

ഹർജിക്കാരിയുടെ സ്വകാര്യത മാനിച്ച് യഥാർഥ പേര് മറച്ചുവെച്ച കോടതി, 'വിലമതിക്കാനാവാത്തത്' എന്നർഥം വരുന്ന 'അൻമോൾ' എന്ന പേരാണ് വിധിന്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 1974-ൽ വിവാഹിതരായ യുവതിയുടെ മാതാപിതാക്കൾ 16 വർഷത്തിന് ശേഷം, 1990 ജൂൺ 30-ലെ കോടതി ഉത്തരവ് പ്രകാരമാണ് ഒരു മാസത്തിൽ താഴെ പ്രായമുള്ളപ്പോൾ ഹർജിക്കാരിയെ നിയമപരമായി ദത്തെടുത്തത്.

അന്നുമുതൽ ആധാർ, പാസ്‌പോർട്ട്, റേഷൻ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളിലും അവരുടെ 'മകൾ' എന്ന നിലയിലാണ് ഹർജിക്കാരി അറിയപ്പെട്ടിരുന്നത്. 2023-ൽ അമ്മ മരിച്ചപ്പോൾ തൃശൂർ തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിലും, 2024-ൽ അച്ഛൻ മരിച്ചപ്പോൾ പെരിങ്ങാവ് വില്ലേജ് ഓഫീസർ നൽകിയ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിലും ഹർജിക്കാരിയെ 'മകൾ' എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.

​എന്നാൽ, 2025 ജൂണിൽ അച്ഛൻ്റെ മരണശേഷം തഹസിൽദാർ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ മാത്രം 'ദത്തുപുത്രി' എന്ന് രേഖപ്പെടുത്തി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, ദത്തെടുക്കപ്പെട്ട കുട്ടികളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സർക്കാർ രേഖകളിൽ കാലോചിതമായ മാറ്റം വരുത്താൻ ഉത്തരവിടുകയായിരുന്നു.