കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയെ വെറുതേവിട്ടു. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മറ്റുള്ള 12 പ്രതികൾക്ക് വിചാരണ കോടതി വിധിച്ചിരുന്ന ഏഴ് വർഷം തടവ് ജീവപര്യന്തമാക്കി വർദ്ധിപ്പിച്ചു. ശിക്ഷ വിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച കോടതി, പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റം കൂടി ചുമത്തിയാണ് ശിക്ഷ വർദ്ധിപ്പിച്ചത്.
കുറ്റത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേച്ചേരിൽ ഹുസൈനെ വെറുതേവിട്ടത്. മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിചാരണ കോടതി മൂന്ന് മാസം മാത്രം തടവിന് ശിക്ഷിച്ച മുനീറിന്റെ ശിക്ഷാ കാലാവധി ഒരു വർഷമാക്കി. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതേവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു.
അതേസമയം, ഒന്നാം പ്രതി ഹുസൈനെ വെറുതേവിടുമെന്ന് കരുതിയിരുന്നില്ലെന്നും അപ്പീൽ പോകുമെന്നും കുടുംബം പ്രതികരിച്ചു. മറ്റ് പ്രതികളുടെ ശിക്ഷ വർദ്ധിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍, ആദിവാസി യുവാവായ മധുവിനെ (27) പലചരക്ക് കടയിലെ അരിയും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകള്‍ ബന്ധിച്ച് മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ മധു മരിച്ചു.
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതേവിട്ടു, 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി
