പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുൻ പി.എ ആയ എ സുരേഷ് കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നടന്ന പുതുയുഗയാത്രയിൽ പങ്കെടുത്ത സുരേഷിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നടത്തിയ പ്രസ്താവനയ്ക്കുപിന്നാലെയാണ് സുരേഷ് രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തമാക്കിയത്. 'നാല് തവണയല്ല, നൂറ് തവണ അപ്പീൽ നൽകിയാലും കേൾക്കുന്ന പ്രശ്‌നമില്ല; പുറത്താക്കിയാൽ പുറത്താക്കിയതുതന്നെ,' എന്നായിരുന്നു ഗോവിന്ദന്റെ പരാമർശം.
ഇതോടെ മലമ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണെന്ന് സുരേഷ് വ്യക്തമാക്കി. 'വി.എസിനു നൽകിയ ശിക്ഷ തന്നെയാണ് എനിക്കു ലഭിച്ചത്. സിപിഎമ്മിനെ സ്‌നേഹിക്കുന്ന നിരവധി പ്രവർത്തകർ ഇന്നത്തെ ഭരണത്തെ വെറുക്കുന്നവരാണ്,' എന്നും അദ്ദേഹം ആരോപിച്ചു. 13 വർഷത്തെ വേദന മാറിയെന്നും സുരേഷ് കൂട്ടിച്ചേർത്തു.
2013മേയ് 12, 13 തീയതികളിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിലാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും വി.എസിന്റെ ഇമേജ് ഉയർത്താൻ വാർത്തകൾ സൃഷ്ടിച്ച് വിതരണം ചെയ്യുകയും ചെയ്തുവെന്നായിരുന്നു ആരോപണം. മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, എ വിജയരാഘവൻ എന്നിവരടങ്ങിയ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മത്സരിക്കുന്നുവെങ്കിൽ മലമ്പുഴയിൽ മാത്രമേ മത്സരിക്കൂവെന്നും കോൺഗ്രസിൽ ചേരില്ലെന്നും, സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരിക്കും രംഗത്തിറങ്ങുകയെന്നും സുരേഷ് വ്യക്തമാക്കി. ഇടതുപക്ഷ മനസ്സുള്ള നിരവധിപേർ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വി.എസിന്റെ മുൻ പി.എ എ സുരേഷ് കോൺഗ്രസ് വേദിയിൽ; മലമ്പുഴയിൽ മത്സരിക്കാനൊരുങ്ങുന്നു
