തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനായാണ് മറ്റ് മുന്നണികളും മത്സരരംഗത്തിറങ്ങുന്നത്.
ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ മത്സരിക്കും.
മൂന്ന് സീറ്റുകൾ നേടി ഇത്തവണ നിയമസഭയിൽ സാന്നിധ്യം ശക്തമാക്കിയ ഭാരതീയ ജനതാ പാർട്ടിയും സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എംഎൽഎ ബി ബി ഗോപകുമാർ ആണ് ബിജെപിയുടെ സ്ഥാനാർത്ഥി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മത്സരിക്കുന്നത്.
ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ ചേർന്ന് സഭയിൽ നിർദ്ദേശിക്കും.
സഭയിൽ യഥാർത്ഥ പ്രതിപക്ഷമായി മാറാനാണ് ബിജെപിയുടെ നീക്കമെന്ന് വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കർ തിരഞ്ഞെടുപ്പ്: തിരുവഞ്ചൂരിനെതിരെ എ.സി മൊയ്തീൻ എൽഡിഎഫ് സ്ഥാനാർത്ഥി; ബിജെപിക്കായി ഗോപകുമാർ
