ആലപ്പുഴ : നിര്‍മ്മാണത്തിലിരിക്കുന്ന അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ നിലം പതിച്ച് വാഹനയാത്രികന്‍ ദാരുണമായി മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന പിക് വാന്‍ ഗര്‍ഡറിനടിയില്‍ കുടുങ്ങി. പിന്നീട് ഗര്‍ഡര്‍ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. എരമല്ലൂര്‍ മോഹം ആശുപത്രിക്കു സമീപം ഇന്ന് (വ്യാഴം) പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അപകടം. ഉയരപ്പാതയുടെ കൂറ്റന്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടയില്‍ ഹൈഡ്രോളിക് ജാക്കിയില്‍ നിന്ന് തെന്നിമാറിയാണ് അപ്രതീക്ഷിതമായി നിലം പ്രതിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍കടത്തിവിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ആരോപണമുയര്‍ന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ഉയരപ്പാതാനിര്‍മ്മാണ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഉയരപ്പാതനിര്‍മ്മാണം പലപ്പോഴും വാഹന യാത്രികരുടെയും കാല്‍നടക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷത്തോളമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തത്തിനിടയില്‍ ഉണ്ടായ വാഹനാപകടങ്ങളിലും നിര്‍മാണ സൈറ്റിലെ അപകടങ്ങളിലും വാഹനയാത്രക്കാരും നിര്‍മ്മാണ തൊഴിലാളികളും അടക്കം 40ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
