കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിൽ 13 പേർ കുറ്റക്കാരണെന്നും 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഇവർക്കെതിരായ ഗൂഢാലോചന കുറ്റം കോടതിയിൽ തെളിയിക്കാനായില്ല. ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപുമടക്കം 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്ക് ജീവപര്യന്തത്തിന് ശിക്ഷിച്ചു. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വർഷത്തിൽ താഴെയായതിനാൽ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ച് നാളെ രാവിലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോവുക.
7 പേർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരമാവധി മൂന്ന് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും അടക്കം 18 പേരെ കോടതി വെറുതെ വിട്ടു.
23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് വിധി വന്നത്. സിപിഎം നേതാക്കളായ പി ജയയരാജനും ടിവി രാജേഷും അടക്കം 33 പ്രതികൾക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വച്ച് പി ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.
മുസ്ലീം ലീഗിനും യുഡിഎഫിനും ഏറ്റ തിരിച്ചടി: ടി.വി.രാജേഷ്
പ്രത്യേക സിബിഐ കോടതി വിധി മുസ്ലീം ലീഗിനും യുഡിഎഫിനും ഏറ്റ കനത്ത രാഷ്ട്രീയ തിരിച്ചടിയാണെന്ന് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്. വളരെ ദൗർഭാഗ്യകരമായ ഒരു സംഭവത്തിൻ്റെ പേരിൽ സിപിഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടാനാണ് അന്നത്തെ യുഡിഎഫ് സർക്കാരും നേതൃത്വവും ശ്രമിച്ചതെന്ന് ടി.വി. രാജേഷ് ആരോപിച്ചു. മുസ്ലിം ലീഗിൻ്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് യുഡിഎഫ് നേതൃത്വം ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തം കെട്ടിച്ചമച്ചത്. ഈ ഗൂഢാലോചന സിദ്ധാന്തത്തെയാണ് കോടതി ഇന്ന് പൂർണ്ണമായും തള്ളിക്കളഞ്ഞത്.
പാർട്ടിക്കെതിരെയും കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെയും 'പാർട്ടി കോടതി' പ്രവർത്തിക്കുന്നു എന്ന തരത്തിൽ വൈകാരികമായ പ്രചാരണം അഴിച്ചുവിട്ട് സിപിഎമ്മിന് മാനഹാനിയുണ്ടാക്കിയതിന് ലീഗിൻ്റെയും യുഡിഎഫിൻ്റെയും നേതൃത്വം പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധിപ്പകർപ്പ് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ സമഗ്രവും ആധികാരികവുമായ പ്രതികരണം നടത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരണവുമായി തിരുവഞ്ചൂരും പിഎംഎ സലാമും
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തി. കോടതിയുടെ നിഗമനത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെൻ്റ് അപ്പീലിന് പോകുമെന്നും ഇക്കാര്യം പ്രോസിക്യൂഷനാണ് തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
വിഷയത്തിൽ ഗവൺമെൻ്റിൻ്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. കേസിൽ 13 പേർ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം കോടതി വിധിക്കെതിരെ നീങ്ങുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. കോടതിയുടെ കണ്ടെത്തലിൽ അഭിപ്രായവ്യത്യാസമുള്ളവർക്ക് നിയമപരമായി തന്നെ മുന്നോട്ടുപോകാൻ അവസരമുണ്ട്. വിധിപ്പകർപ്പ് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കൂ. കേസിലെ ഗൂഢാലോചന പൂർണമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് മാത്രമാണ് നിലവിലെ വിഷയമെന്നും സ്പീക്കർ പറഞ്ഞു.
വിധിയിൽ അപ്പീൽ പോകേണ്ടിവരുമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പ്രതികരണം. സിപിഎം നേതാക്കൾ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അവർക്കെതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നേതാക്കൾ കുറ്റക്കാരല്ലാത്തതുകൊണ്ടല്ല, മറിച്ച് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതാണ് ഇവർ രക്ഷപ്പെടാൻ കാരണമായത്. കേസിലെ സാക്ഷികൾക്ക് നേരെ ഭീഷണിയുണ്ടായിട്ടുണ്ട്. ഇനിയൊരിക്കലും ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കരുത്. ഡിവൈഎഫ്ഐ നേതാക്കളും സിപിഎം നേതാക്കളുടെ മക്കളുമാണ് കേസിലെ പ്രതികളെന്നും ഈ കോടതി വിധിയിലൂടെ കൊലപാതകത്തിലെ സിപിഎം ബന്ധം വ്യക്തമായെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷും ഉൾപ്പെടെ 18പേരെ വെറുതെ വിട്ട് കോടതി, 13 പേർ കുറ്റക്കാർ, ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
