കോഴിക്കോട്: വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്വന്തം ഉപയോഗത്തിനായി എംഡിഎംഎ വാങ്ങിത്തുടങ്ങിയ രണ്ട് അധ്യാപികമാർ പിന്നീട് ലഹരിമരുന്ന് വിതരണ ശൃംഖലയുടെ ഭാഗമായാണ് പ്രവർത്തിച്ചതെന്ന് പൊലീസ്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നതായും, പ്രതികളിലൊരാളായ കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ ഉടമസ്ഥാവകാശവും വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടവും പരിശോധിച്ചുവരികയാണ്.
മംഗളൂരുവിലുള്ള സുഹൃത്ത് മുഖേനയാണ് ഇരുവരും ആദ്യം എംഡിഎംഎ സ്വന്തമാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി നേരിട്ട് ബന്ധം സ്ഥാപിച്ച ഇവർ ക്രമേണ വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണികളായി മാറിയെന്നാണ് പൊലീസ് പറയുന്നത്. അധ്യാപികമാരെന്ന സാമൂഹിക അംഗീകാരം ലഹരി മാഫിയ ഇവരെ ഉപയോഗപ്പെടുത്താൻ സഹായകമായതായും അന്വേഷണസംഘം വിലയിരുത്തുന്നു. ലഹരിമരുന്ന് ഇടപാടുകളിൽ പിടിയിലാകാതിരിക്കാൻ ആവശ്യക്കാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. ₹50,000 രൂപയുടെ ഇടപാടിന് ₹3,000 രൂപ കമ്മിഷൻ മാത്രമാണ് ലഭിച്ചിരുന്നതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ ലഹരിക്കടത്തുകാരിൽ നിന്ന് കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ തുക സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിച്ചതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതോടെ വെളിപ്പെടുത്തിയതിലുമധികം സാമ്പത്തിക നേട്ടം ഇവർക്ക് ലഭിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.
കാവ്യയും കീർത്തനയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഒരുമിച്ച് യാത്ര നടത്തിയ ചിത്രങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി പ്രവർത്തിച്ചിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെയും ഡിജിറ്റൽ വിവരങ്ങളുടെയും പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ കൂടുതൽ പേരുടെ പങ്കാളിത്തം കണ്ടെത്തിയ പശ്ചാത്തലത്തിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി മെറിൻ ജോസഫാണ് ഉത്തരവിറക്കിയത്.
കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തി ലഹരിക്കടവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും. റൂറൽ പൊലീസ് പരിധിയിൽ അടുത്തിടെ പിടിയിലായ ലഹരിക്കടത്തുകാരുമായുള്ള ബന്ധവും ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ലഹരിമരുന്നിന്റെ ഉറവിടവും ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് എസ്.പി മെറിൻ ജോസഫ് അറിയിച്ചു.
വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ; സ്വന്തം ഉപയോഗത്തിനായി തുടങ്ങി, പിന്നീട് ആഡംബരത്തിനായി എംഡിഎംഎ വിറ്റു
