ഈ ആനവണ്ടി 'ജോസേട്ടന്റെ വക', കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി

ഈ ആനവണ്ടി 'ജോസേട്ടന്റെ വക', കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി വ്യത്യസ്തനായി അങ്കമാലി സ്വദേശി ജോസ്. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നല്‍കിയതെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. ബസ് അങ്കമാലി ഡിപ്പോയ്ക്ക് കൈമാറും.

ബുധനാഴ്ച മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ​ഗതാ​ഗത മന്ത്രി സി.പി ജോണിന് കൈമാറിയത്.

'മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു ബസ് ആരെങ്കിലും സംഭാവന ചെയ്യുകയാണെങ്കില്‍ നല്ലതായിരുന്നു എന്ന്. ആ ഒരു നല്ല കാര്യത്തിന് വേണ്ടിയിട്ടാണ് ബസ് വാങ്ങി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. എന്നെ സംബന്ധിച്ച് ഒരു തോന്നല്‍ വന്നു. അങ്ങനെ കൊടുക്കാന്‍ തീരുമാനിച്ചു. ഒരു നല്ല ബസ് കിടന്നോട്ടെ എന്ന് കരുതിയിട്ട് ചെയ്തു എന്ന് മാത്രം.'- ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ​ഗതാ​ഗത മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രിയദര്‍ശിനി പദ്ധതി നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നല്‍കിയത് കെഎസ്ആര്‍ടിസിക്ക് ആശ്വാസമാകും. ബസ് ആരെങ്കിലും സംഭാവന ചെയ്യുകയാണെങ്കില്‍ നല്ലതാണെന്നും സ്വകാര്യ ബസ് തന്നെ കെഎസ്ആര്‍ടിസി ആക്കാവുന്നതാണെന്നും ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്തിരുന്നു.