‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവച്ചു, പ്രതിസന്ധി പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റി

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവച്ചു, പ്രതിസന്ധി പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റി


കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ ഭരണസമിതിയുടെ കൂട്ടരാജി. ജനറൽ ബോഡിയിൽ ഉയർന്ന കനത്ത ഭിന്നതകൾക്കൊടുവിൽ പ്രസിഡന്റ് ശ്വേത മേനോൻ വൈകാരികമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളെല്ലാം പദവികൾ ഒഴിഞ്ഞതോടെ സംഘടന കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രശഅനം പരിഹരിക്കുന്നതിനായി അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മിറ്റിയെ ഉടൻ തീരുമാനിക്കും.

ഇന്ന് രാവിലെ മോഹൻലാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയാണ് തർക്കങ്ങൾ ആരംഭിച്ചത്. കണക്കുകളിൽ ഒട്ടനവധി പിഴവുകളുണ്ടെന്നും വ്യക്തതയില്ലാത്ത റിപ്പോർട്ട് പാസാക്കാൻ കഴിയില്ലെന്നും കാണിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. തർക്കം പരിഹരിക്കാൻ റിപ്പോർട്ട് പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് അധ്യക്ഷ ശ്വേത മേനോൻ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങൾ നിലപാട് കടുപ്പിച്ചു.

തുടർന്ന് യോഗത്തിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ തന്നെ ബോധപൂർവം ബി.ജെ.പിക്കാരിയാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ശ്വേത മേനോൻ സ്റ്റേജിൽ കയറി രാജി പ്രഖ്യാപിക്കുകയായിരുന്നു. മുതിർന്ന അംഗങ്ങൾ ചേർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുൻ പ്രസിഡന്റ് മോഹൻലാൽ ഇടപെട്ട് വൈകാരികമായി സംസാരിച്ചെങ്കിലും വാർഷിക റിപ്പോർട്ട് പാസാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അംഗങ്ങൾ ഉറപ്പിച്ചു പറഞ്ഞതോടെ ഭരണസമിതി ഒന്നടങ്കം രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.