കുഴിമന്തി ഭക്ഷ്യവിഷബാധ: മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കുഴിമന്തി ഭക്ഷ്യവിഷബാധ: മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


കൊച്ചി: കത്രിക്കടവിലെ അല്‍ റീം കുഴിമന്തി റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കുണ്ടായ ഭക്ഷ്യവിഷബാധയില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ റെസ്‌റ്റോറന്റില്‍ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്.

വയറുവേദന, ഛര്‍ദ്ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ മൂന്ന് പേരുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീകേഷ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് റെസ്‌റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ വിശദമായ പരിശോധന പൂര്‍ത്തിയായ ശേഷമേ രോഗബാധയുടെ യഥാര്‍ഥ ഉറവിടം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.