പരാതികളറിയിച്ചു, തീരുമാനം സർക്കാരിന്റേത്; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.എസ്.യു പ്രസിഡ‍ന്റ്

പരാതികളറിയിച്ചു, തീരുമാനം സർക്കാരിന്റേത്; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.എസ്.യു പ്രസിഡ‍ന്റ്


തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കേ, മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വി.ഡി സതീശൻ ക്ഷമാപൂർവ്വം കേട്ടു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. എന്ത് തീരുമാനമെടുക്കും എന്നത് മുൻകൂട്ടി പറയാനാകില്ല. കെ എസ്‌ യുവിന്റെ താല്പര്യം പരിഗണിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് വിശ്വാസം. ജിയോണ ജെയിംസ് ലോ കോളജില്‍ എസ്എഫ്‌ഐക്കാരി ആയിരുന്നു. അതിനു ശേഷവും അവര്‍ ഇടതുപക്ഷ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചുവന്നത്. അക്കാര്യം സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അത് ക്ഷമാപൂര്‍വം കേട്ടതിനാല്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയും വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കെഎസ്‌യുവുന് പൂര്‍ണ വിശ്വാസമുണ്ട്. സർക്കാരിനെതിരെ കെഎസ്‌യു തുറന്ന പോരിലേക്കെന്ന് വ്യാഖ്യാനിക്കരുതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ച നടന്നത്. അതേസമയം, അലോഷ്യസ് സേവ്യർ കൂടിക്കാഴ്ച നടത്തിയിട്ടും മുൻ തീരുമാനത്തിൽ നിന്ന് മാറേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി എന്നാണ് സൂചന.