തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്. കെ.പി.തോംസണ്‍, സുനിൽരാജ് എന്നിവർക്കെതിരെയാണ് അന്വേഷണം. രക്ഷാപ്രവർത്തന കേസ് ആദ്യം അന്വേഷിച്ച മൂന്നു ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് എം.ആർ.അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പുതല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഡിവൈഎസ്പിമാർക്കെതിരേ നടപടിയുണ്ടാവുക. എസ്ഐടി റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അട്ടിമറിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നാവും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തുന്നത്.
ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: 3 ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
