കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാനാകുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്‍കിയാണ് തന്നെ ട്വന്റി 20 യില്‍ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. തന്നെ വെടിവെച്ചു കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് സാബു എം ജേക്കബിനോട് ഓഫീസിൽ കയറി പറയേണ്ട സാഹചര്യം ഉണ്ടായി. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.
'തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ട്വിന്റി 20ക്ക് വോട്ട് ചെയ്തവര്‍ അകന്നുപോയെന്ന് മനസിലായി. പ്രചാരണത്തിനായി ട്വിന്റി 20ല്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് മുഴുവന്‍ സമയവും എന്റെ ഒപ്പം ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും എന്നെ ഇഷ്ടപ്പെടുന്ന മറ്റു പ്രദേശങ്ങളില്‍ നിന്നും ഉള്ളവരെ ഇവിടെ എത്തിച്ചാണ് പ്രചാരണം നടത്തിയത്. അവര്‍ക്ക് മുറിയെടുത്ത്് കൊടുത്തു താമസിപ്പിച്ചു. 20 ലക്ഷം രൂപ കൊടുത്ത് ഞാന്‍ ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാന്‍ വിറ്റു. അതിന് ശേഷം ഇക്കാര്യം അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത ശേഷമാണ് ചെലവാക്കിയ പണം പോലും തിരികെ നല്‍കാന്‍ അവര്‍ തയ്യാറായത്'- അഖില്‍ മാരാര്‍ പറഞ്ഞു.
'തൃക്കാക്കര മത്സരിക്കണമെന്നത് ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ള കാര്യമല്ല. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹവുമായി നിന്ന സമയത്ത് എന്‍ഡിഎയുടെ പല ടീമുകള്‍ എന്നെ ബന്ധപ്പെട്ടു. സാമ്പത്തിക ഓഫറുകള്‍ നല്‍കി. ഹം എന്ന എന്‍ഡിഎയുടെ കക്ഷി എന്നെ ബന്ധപ്പെട്ടു. അവരെയൊക്കെ ഞാന്‍ പുച്ഛിച്ച് തള്ളിക്കളഞ്ഞതാണ്. സ്വതന്ത്രനായി മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ഇതേ സ്വതന്ത്രന്റെ സ്വാതന്ത്ര്യത്തോടെ മത്സരിക്കാന്‍ കഴിയുന്ന ഒരു ഇടമാണ് ട്വിന്റി 20ല്‍ ഉള്ളത് എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ സമീപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപിക്ക് 40,000 വോട്ട് കിട്ടിയതാണ്. നിയമസഭയില്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവിടെ എനിക്ക് നിരവധിപ്പേരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഞാന്‍ ഒരുപാട് വര്‍ഷം അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ബിജെപി വോട്ട് കൂടാതെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് പിടിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അവിടെ ഉണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ വിള്ളലുകളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയുന്ന വോട്ടുകള്‍ , അങ്ങനെ വലിയൊരു സാധ്യത മുന്നില്‍ കണ്ടാണ് ട്വിന്റി 20ലേക്ക് പോകാന്‍ തയ്യാറായത്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത തീരുമാനത്തില്‍ ഏറ്റവും പാളി പോയ തീരുമാനമായിരുന്നു അത്. അത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.സാബു ജേക്കബ് ചതിച്ചത് കൊണ്ടാണ്'- അഖില്‍ മാരാര്‍ തുടര്‍ന്നു.
എന്നാൽ, അഖില്‍ മാരാര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതൊന്നും ഓര്‍മിക്കുന്നില്ലെന്നും ആര്‍ രശ്മി വന്നതുകൊണ്ടാണ് കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാത്തതെന്നും സാബു ജേക്കബ് മറുപടി നൽകി. ഞാനുമായിട്ടല്ല എന്‍ഡിഎ വൈസ് പ്രസിഡന്റുമായാണ് പ്രശ്‌നമുണ്ടായത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അഖില്‍ മത്സരിക്കേണ്ട എന്ന്. നമുക്കും അഖിലിനും എല്ലാം നല്ലത് അതാണ്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് അങ്ങട് മാറി. പിന്നെ പുള്ളി കരച്ചിലും കാലുപിടിത്തവുമായി. അഖില്‍ പെട്ടെന്ന് ഇമോഷണല്‍ ആകുന്നയാളാണെന്നും ബി പി കൂടുന്നതാണോ എന്ന് തനിക്കറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
സാബു ജേക്കബ് ചതിച്ചെന്ന് അഖില്‍ മാരാര്‍, ട്വന്റി 20 പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു
