കാര്‍ഷിക ശാസ്ത്രജ്ഞന്‍ കെ.പി. നായര്‍ അന്തരിച്ചു

കാര്‍ഷിക ശാസ്ത്രജ്ഞന്‍ കെ.പി. നായര്‍ അന്തരിച്ചു


കോഴിക്കോട്:  ലോകപ്രശസ്ത കാര്‍ഷിക-മണ്ണ് ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട് മലപ്പറമ്പിലെ വസതിയില്‍ വെച്ചാണ്  പ്രഭാകരന്‍ നായര്‍  അന്തരിച്ചത്. 88 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നടന്നു.

മണ്ണിന്റെ പോഷകം നിലനിര്‍ത്തുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷി സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിരന്തരം ഓര്‍മപ്പെടുത്തിയ ശാസ്ത്ര ഗവേഷകനെയാണ് നഷ്ടമായത്. ഭൂഗര്‍ഭജലം രാസവളങ്ങളുടെ അവശിഷ്ടങ്ങളാല്‍ മലിനമാവുന്നതില്‍ അദ്ദേഹം എന്നും ആശങ്കപ്പെട്ടു. ഇത് തുടര്‍ന്നാല്‍ വലിയ പാരിസ്ഥിതിക അപകടങ്ങള്‍ രാജ്യം നേരിടേണ്ടിവരുമെന്ന് നിരന്തരം ഓര്‍മപ്പെടുത്തി. മണ്ണിലെ പോഷകങ്ങളുടെ ലഭ്യതയും വളപ്രയോഗവും ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ 'ന്യൂട്രിയന്റ് ബഫര്‍ പവര്‍' എന്ന ആശയം അടിസ്ഥാനമാക്കിയുള്ള വളംനിര്‍ണയരീതി ആവിഷ്‌കരിച്ചു. ജനിതകമാറ്റം വരുത്തിയ വഴുതന അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ചെറുത്തു. സുപ്രീംകോടതിയടക്കം ഇ!ൗ വിഷയത്തില്‍ പ്രഭാകരന്‍ നായരുടെ ഇടപെടലിനെ മാനിക്കയുണ്ടായി.

1980കളിലാണ് മണ്ണ് ശാസ്ത്രത്തിലേക്കുള്ള യാത്ര പ്രഭാകരന്‍ ആരംഭിച്ചത്. അത് അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2024 ലെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായി ഇടംനേടി.

കോയമ്പത്തൂരിലെ കാര്‍ഷിക കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടി. ആറുവര്‍ഷത്തോളം ഉത്തര്‍പ്രദേശിലെ പന്ത്‌നഗറിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പ്രൊഫസറായി. ജര്‍മനിയിലെ അലക്‌സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് ഫൗണ്ടേഷന്റെ സീനിയര്‍ ഫെലോയായും പ്രവര്‍ത്തിച്ചു. ബല്‍ജിയം റോയല്‍ സൊസൈറ്റിയുടെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ അധ്യക്ഷനായ ആദ്യ ഏഷ്യന്‍ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഇ ബുക്ക് പുറത്തിറക്കിയതും പ്രഭാകരന്‍ നായരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേല പഠിച്ച ഫോര്‍ട്ട് ഹാരെ സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് കാര്‍ഷിക വകുപ്പ് സ്ഥാപിക്കുന്നതില്‍ പങ്കുവഹിച്ചു. കാര്‍ഷിക ഗവേഷണത്തിനുള്ള റോബര്‍ട്‌സണ്‍ മെമ്മോറിയല്‍ സ്വര്‍ണമെഡല്‍, സ്വദേശി ശാസ്ത്രപുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ നേടി. മണ്ണ് ശാസ്ത്രത്തിലെ പഠനാനുഭവങ്ങള്‍ വിവരിക്കുന്ന 'ദി ലിവിങ് സോയില്‍' അടക്കം ഇരുപതില്‍പരം കൃതികള്‍ രചിച്ചു.

ഭാര്യയും നെമറ്റോളജിസ്റ്റുമായ ഡോ. പങ്കജം നായരോടൊപ്പം, യൂറോപ്പിലും ഏഷ്യയിലും വര്‍ഷങ്ങളോളം ആഗോള ഗവേഷണത്തിലും അധ്യാപനത്തിലും വ്യാപൃതരായി. കേരളത്തിലേക്ക് മടങ്ങിയശേഷം കോഴിക്കോട് സ്ഥിരതാമസമാക്കി.