ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ ഏജന്‍സികളുടെ മാസ്‌ ബുക്കിങ്ങും മറിച്ച് വില്‍പ്പനയും; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ ഏജന്‍സികളുടെ മാസ്‌ ബുക്കിങ്ങും മറിച്ച് വില്‍പ്പനയും; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും


പത്തനംതിട്ട: ഇതര സംസ്ഥാന ട്രാവല്‍ ഏജൻസികള്‍ കൂട്ടമായി ശബരിമല ദർശനത്തിനുള്ള വെർച്വല്‍ ക്യൂ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതായി ശബരിമല ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി പി.വിജയൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തല്‍. തീർഥാടകരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച്‌ കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്‌ത ശേഷം, വെർച്വല്‍ ക്യൂ കൂപ്പണുകള്‍ പ്രിന്‍റ് എടുത്ത് വില്‍പ്പന നടത്തുന്നതായാണ് പൊലീസ് സംഘവും റവന്യൂ വകുപ്പും ചേർന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മാസ് ബുക്കിങ്‌ രീതി നിർത്തലാക്കി സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് നല്‍കും.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വൻകിട ട്രാവൽ ഏജൻസികളാണ് തീർഥാടകരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ച സ്ലോട്ടുകൾ എല്ലാം ബുക്കിങ് നടന്നിട്ടും ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണം ഗണ്യമായി കുറയുന്നതിന്‍റെ കാരണം അന്വേഷിക്കാൻ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ, ശബരിമല ചീഫ് കോ-ഓർഡിനേറ്റർ എഡിജിപി പി.വിജയനും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനും നിർദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെ ദർശനത്തിന് അനുമതി നേടിയവർ എത്താത്ത സാഹചര്യത്തിൽ ഏജൻസികൾ കൂട്ടത്തോടെ ബുക്കിങ് നടത്തുന്നുണ്ടോയെന്ന സംശയവും പരിശോധിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സൈബർ ഫോറൻസിക് സഹായവും ഇതിനായി തേടിയിട്ടുണ്ട്. ബുക്കിങ് സംവിധാനത്തില്‍ ഒടിപി ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ടെന്നാണ് വിവരം. വെർച്വൽ ക്യു ബുക്കിങ്ങും ഇത് അനുസരിച്ച് ദർശനത്തിന് എത്തുന്ന തീർഥാടകരുടെ എണ്ണവും തമ്മിലുള്ള വലിയ അന്തരമാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. പ്രതിദിനം 80,000 തീർഥാടകർക്ക് ദർശനത്തിന് അനുമതിയുള്ളപ്പോഴും ഇതിന്‍റെ പകുതിയോളം പേർ മാത്രമാണ് ചില ദിവസങ്ങളിൽ സന്നിധാനത്ത് ദർശനത്തിന് എത്തിയത്. ഇത് നേരിട്ട് വെർച്വൽ ക്യു ബുക്കിങ് നടത്തി ശബരിമല ദർശനം നടത്താൻ തയ്യാറായി നിൽക്കുന്ന ഭക്തർക്ക് അവസരം നഷ്‌ടപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്.

ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം നിലവിൽ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. "മകരവിളക്ക് ഉത്സവം വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്ങിന് ആവശ്യമായ തീയതികൾ ലഭ്യമല്ലാത്തതിനാൽ നിരവധി ഭക്തർക്ക് ദർശനത്തിനായി സന്നിധാനത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദേവസ്വം ബോർഡും ബന്ധപ്പെട്ട മന്ത്രിയും സർക്കാരും അടിയന്തരമായി ഇടപെടണം. 2011ൽ കേരള പൊലീസ് ഒരു അപകടത്തെത്തുടർന്ന് സമാനമായ സാഹചര്യം നിയന്ത്രിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. അതേ മാതൃകയിൽ ഫലപ്രദമായ മറ്റൊരു സംവിധാനം ഏർപ്പെടുത്തി ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം" എന്ന് ഭക്തർ ആവശ്യപ്പെടുന്നു. 

വെർച്വൽ ക്യൂ വഴി 66,000 ഭക്തർക്കും സ്പോട്ട് ബുക്കിങ് വഴി 14,000 ഭക്തർക്കുമാണ് ദർശനത്തിന് അവസരം നൽകിയത്. ഇതിനിടെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നവംബർ 21 മുതല്‍ ഈ മാസം 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർധന വരുത്തും. വെർച്വല്‍ ക്യൂ വഴി ദർശനത്തിന് സ്ലോട്ട് ലഭിക്കാത്തവർക്ക് അവസരം നൽകുന്നതിനായാണ് നടപടി. നിലവിൽ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് സ്പോട് ബുക്കിങ് സൗകര്യമുള്ളത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടമായി ബുക്ക് ചെയ്‌ത ശേഷം ഇത് ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് വലിയ തുകയ്ക്ക് മറിച്ച് വിൽക്കുന്നതായാണ് പൊലീസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും പ്രാഥമിക വിലയിരുത്തൽ. തീർഥാടകരുടെ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും വാങ്ങി ഓരോ ദിവസത്തെയും സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യും. തുടർന്ന് വെർച്വൽ ക്യൂ കൂപ്പണുകളുടെ പ്രിന്‍റ് എടുത്ത് ഭക്തർക്ക് ഉയർന്ന തുകയ്ക്ക് മറിച്ചു വിൽക്കും. കൂപ്പണുകൾ വാങ്ങാൻ തീർഥാടകർ എത്താതായാൽ ഈ ദിവസങ്ങളിലെ സ്ലോട്ടുകൾ ഒഴിഞ്ഞ് കിടക്കുമെന്നാണ് പൊലീസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും പ്രാഥമിക വിലയിരുത്തൽ.

സന്നിധാനത്തെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെര്‍ച്വല്‍ ക്യൂ സമയപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ദേവസ്വം ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു. പമ്പയിലെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും വെർച്വല്‍ ക്യൂ സമയപരിധിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും പരാതി നല്‍കി. വെർച്വല്‍ ക്യൂ ബുക്കിങ് പൂർത്തിയായിട്ടും ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന്‍റെ കാരണം അന്വേഷിക്കണം. കർശനമായ സമയ നിബന്ധനകളും യാത്ര പ്രതിസന്ധികളും തീർഥാടകരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സംഘടന നൽകിയ പരാതിയിൽ പറയുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 'ശരണ്‍' ആപ്പ്

ശബരിമല തീർഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' (SARAN) ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. ആപ്ലിക്കേഷന്‍റെ ഔദ്യോഗിക പ്രകാശനം തദ്ദേശ മന്ത്രി കെഎം ഷാജി നിർവഹിച്ചു. ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങള്‍, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തീർഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്‍റെ ലക്ഷ്യം. ആപ്പ് പ്രത്യേകം ഡൗണ്‍ലോഡ് ചെയ്യാതെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത മൊബൈല്‍ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.