പേരാമ്പ്രയെ അട്ടിമറിച്ച് മുസ്‌ലിം ലീഗിലെ ആദ്യ വനിതാ എം എല്‍ എയായി അഡ്വ. ഫാത്തിമ തഹ് ലിയ

പേരാമ്പ്രയെ അട്ടിമറിച്ച് മുസ്‌ലിം ലീഗിലെ ആദ്യ വനിതാ എം എല്‍ എയായി അഡ്വ. ഫാത്തിമ തഹ് ലിയ


കോഴിക്കോട്: പേരാമ്പ്രയിലെ അട്ടിമറിയിലൂടെ ചരിത്രത്തിലാണ് അഡ്വ. ഫാത്തിമ തഹ്‌ലിയ ഇടം പിടിച്ചത്. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എം എല്‍ എയാകാനുള്ള നിയോഗം ഈ 34കാരിക്കായിരുന്നു. ഇടതു മുന്നണി കണ്‍വീനറും മുതിര്‍ന്ന സി പി എം നേതാവുമായ ടി പി  രാമകൃഷ്ണനെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ മത്സരിക്കുക എന്നതിനപ്പുറം വിജയിക്കുമെന്ന സ്വപ്‌നം തഹ്‌ലിയക്കോ മുസ്‌ലിം ലീഗിനോ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങിയതോടെ പേരാമ്പ്രയില്‍ ഇടമുണ്ടെന്ന് അവര്‍ മനസ്സിലാക്കുകയായിരുന്നു. അതോടെയാണ് രാമകൃഷ്ണന്റെ എല്ലാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളേയും പരാജയപ്പെടുത്തി തഹ്‌ലിയ ആള്‍ക്കൂട്ടത്തിലേക്കിറങ്ങിയത്. 

ഫലം വന്നപ്പോള്‍ 5087 വോട്ടിന്റെ ഭൂരിപക്ഷം നേടി കേരള നിയമസഭാ ചരിത്രത്തിലെ ആദ്യ മുസ്‌ലിം ലീഗുകാരിയായി തന്റെ പേരെഴുതിവെക്കാന്‍ കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ ബിരുദം നേടിയ യുവതിക്കായി. 

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയില്‍ കൗണ്‍സിലറായിരിക്കെയാണ് തഹ്‌ലിയ പേരാമ്പ്രയില്‍ മത്സരിക്കാനിറങ്ങിയത്. ഇതോടെ വനിതാ ലീഗിലെ മുതിര്‍ന്ന നേതാവ് അഡ്വ. നൂര്‍ബീന റഷീദ് രംഗത്തെത്തുകയും അവര്‍ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. 

യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്ലിയ 81,429 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുമുന്നണി  സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍ 76,342 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ഥി എം മോഹനന്‍ 13,042 വോട്ടുകളും നേടി. 

ഇത്തവണ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നത് രണ്ട് വനിതകളായിരുന്നു.  മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയാായ ജയന്തി രാജനായിരുന്നു രണ്ടാമത്തെ സ്ഥാനാര്‍ഥി. കൂത്തുപറമ്പില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥി പി കെ പ്രവീണിനെതിരെ ശക്തമായ പോരാട്ടമാണ് ജയന്തി രാജന്‍ കാഴ്ചവെച്ചത്.