തിരുവനന്തപുരം: മുന്നണിയിലെ പ്രധാന തീരുമാനങ്ങൾ പോലും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും തുറന്നടിച്ച് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുന്നണി യോഗങ്ങൾ വിളിച്ചുചേർക്കുന്നതിൽ വീഴ്ചയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫ് യോഗങ്ങൾ അടുത്തകാലത്തായി ചേരാൻ കഴിയാത്ത സാഹചര്യമാണ്. മുന്നണി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈയെടുക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. കൺവീനർ എന്ന നിലയിൽ സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് തന്റെ ചുമതലയാണെങ്കിലും അതിന് ചെയർമാന്റെ അനുമതി ആവശ്യമാണ്. കാര്യങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ട സമയമാണിതെന്നും അടൂർ പ്രകാശ് പറഞ്ഞു.
സർക്കാർ തീരുമാനങ്ങളെക്കുറിച്ച് യുഡിഎഫ് കൺവീനർ എന്ന നിലയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പോലും കൃത്യമായി മറുപടി പറയാൻ കഴിയാത്ത സ്ഥിതിയുണ്ടായതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്തില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു.
എം.കെ. മുനീറിന് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷ പദവിയും ജി. ദേവരാജന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി പദവിയും ക്യാബിനറ്റ് റാങ്കോടെ നൽകിയതും താനുമായി ചർച്ച ചെയ്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും അർഹരായ വ്യക്തികളാണെന്നും അവർക്കെതിരെ പറയാനല്ല ഇക്കാര്യം ഉന്നയിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 'തീരുമാനങ്ങൾ എടുക്കുമ്പോൾ യുഡിഎഫ് അറിയണം; ആവശ്യമായ കൂടിയാലോചന നടക്കണം' എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തന്നെ മനഃപൂർവം അവഗണിക്കുന്നുണ്ടോയെന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫ് കൺവീനറായി തന്നെ നിയോഗിച്ചത് എഐസിസിയാണെന്നും അതിനാൽ മുന്നണിയിലെ കാര്യങ്ങൾ സംബന്ധിച്ച തന്റെ പരാതികൾ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ'; യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് അടൂർ പ്രകാശ്
