നടൻ സന്തോഷ് നായർ അന്തരിച്ചു; വാഹനാപകടത്തിന് പിന്നാലെ ഹൃദയാഘാതം

നടൻ സന്തോഷ് നായർ അന്തരിച്ചു; വാഹനാപകടത്തിന് പിന്നാലെ ഹൃദയാഘാതം


പത്തനംതിട്ട: മലയാള സിനിമയിലെ പ്രമുഖ നടനായ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഏനാത്തു സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

ഇന്ന് പുലർച്ചെ ഏകദേശം 6.30ഓടെയാണ് സംഭവം നടന്നത്. സന്തോഷ് നായർ സഞ്ചരിച്ച കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്.

1982ൽ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് നായർ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ തുടങ്ങി വിവിധ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിരുന്നു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' ആണ് അവസാനമായി അഭിനയിച്ച ചിത്രം.

1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. കോളജ് കാലത്ത് മോഹൻലാലിന്റെ ജൂനിയറായിരുന്ന സന്തോഷ്, പിന്നീട് സിനിമയിൽ സ്വന്തം സ്ഥാനം കണ്ടെത്തുകയായിരുന്നു.

സന്തോഷ് നായരുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി മാറിയിരിക്കുകയാണ്.